തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗവും അമ്മയും വീടിനുള്ളില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗത്തെയും അമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തി. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗം അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോൺഗ്രസ് പ്രവർത്തകനാണ് അരുൺ.

തിങ്കളാഴ്ച രാവിലെ വീടിന്റെ പിറകുവശത്തെ ചായ്പ്പിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തന്നെ ചിലര്‍ നല്‍കിയകള്ളക്കേസില്‍ കുടുക്കിയതിന്റെ മനോവിഷമമാണ് മരണകാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തനിക്കെതിരയുള്ള രണ്ട് കേസുകളേപ്പറ്റിയും ആത്മഹത്യാ കുറിപ്പില്‍ അരുണ്‍ എഴുതിയിട്ടുണ്ട്. ഒന്ന് ജാതികേസും മറ്റൊന്ന് മോഷണക്കേസുമാണ്. രണ്ടുകേസുകളുമായി തനിക്ക് ബന്ധമില്ല. തനിക്ക് വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഈ കേസ് കാരണം കഴിയുന്നില്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുറിപ്പില്‍ പറയുന്നു.

നാലുപേരുടെ പേരും ആത്മഹത്യകുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. അരുണിന് എതിരെ നല്‍കിയത് വ്യാജ കേസാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News