ഇടുക്കി: അടിമാലി ഗ്രാമ പഞ്ചായത്തിലെ സീനിയർ ക്ലർകിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൈക്കൂലി വാങ്ങിയ പഞ്ചായത്തിലെ ഓവർസിയർക്കെതിരെ വിജിലൻസ് സംഘം അന്വേഷണവും തുടങ്ങി. അറസ്റ്റിലായ സീനിയർ ക്ലർക് മനോജിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുടങ്ങിയ കെട്ടിട നികുതി അടക്കാനെത്തിയ സ്ത്രീയുടെ കൈയ്യിൽ നിന്നാണ് മനോജ് കൈക്കൂലി വാങ്ങിയത്. പഞ്ചായത്ത് ഓവർസിയർ സജിൻ ഇതേ സ്ത്രീയുടെ പക്കൽ നിന്ന് നേരത്തെ കൈക്കൂലി കൈപ്പറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന കുടുംബത്തിന്റെ പക്കൽ നിന്നാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. റവന്യൂ വകുപ്പ് മുൻ ഉദ്യോഗസ്ഥ ജയയാണ് കേസിലെ പരാതിക്കാരി. ഇവരുടെ ഭർത്താവ് ഹൃദ്രോഗിയാണ്. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന്റെ ചികിത്സയ്ക്ക് വീടുവിറ്റ് പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പരാതിക്കാരി.
വീടിന്റെ മുടങ്ങിയ നികുതി അടച്ച് തീർക്കാനും, നികുതിയടവുമായി ബന്ധപ്പെട്ട് ബാധ്യതകളൊന്നുമില്ലെന്ന് സാക്ഷ്യപത്രം നൽകാനുമാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടത്. ഭർത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ നട്ടംതിരിഞ്ഞ സ്ത്രീയോട് 8000 രൂപയാണ് ഉദ്യോഗസ്ഥർ ചോദിച്ചത്. ഇതോടെയാണ് പരാതിക്കാരി വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് സംഘം നൽകിയ പണമാണ് ജയ, കൈക്കൂലി ചോദിച്ച അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലർക്കായ മനോജിന് നൽകിയത്. ഈ സമയത്ത് സ്ഥലത്ത് തന്നെ ഉണ്ടായിരുന്ന വിജിലൻസ് ഡിവൈഎസ്‌പി ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം മനോജിനെ കൈക്കൂലി പണവുമായി കൈയ്യോടെ പിടികൂടുകയായിരുന്നു.
നികുതി കുടിശികയുണ്ടായിരുന്ന വീട്ടിൽ പരിശോധനക്ക് പോയ അടിമാലി പഞ്ചായത്തിലെ ഓവർസിയർ സജിനെതിരെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. സജിൻ വീട് പരിശോധിക്കാൻ വന്നപ്പോൾ കൈക്കൂലി വാങ്ങിയെന്നാണ് ജയ വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നത്. ഇത് പ്രകാരമാണ് സജിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.