റാന്നി: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. ഒരാളെ കടവിലുണ്ടായിരുന്ന സ്ത്രീകൾ രക്ഷിച്ചു. റാന്നി ഉതിമൂട് കരിങ്കുറ്റിക്കൽ പുഷ്പമംഗലത്ത് അനിൽകുമാർ(52), ഏക മകൾ നിരഞ്ജന (അമ്മു-17), അനിലിന്റെ സഹോദരൻ റാന്നി വൈക്കം കുത്തുകല്ലുങ്കൽപടി അറയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുമ്പളാംപൊയ്ക വള്ളിയാനിൽ വാലുപറമ്പിൽ സുനിലിന്റെ മകൻ ഗൗതം സുനിൽ (15) എന്നിവരാണ് മരിച്ചത്.
അനിലിന്റെ സഹോദരി അനിത വിജയനെയാണ് രക്ഷിച്ചത്. നിരഞ്ജന ചിറ്റാർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയും ഗൗതം റാന്നി എം.എസ്. ഹയർസെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ റാന്നി മുണ്ടപ്പുഴ പമ്പ് ഹൗസിനോട് ചേർന്ന ചന്തക്കടവിലാണ് അപകടം.
അഞ്ചുപേരാണ് കുളിക്കാൻ ഇവിടെ എത്തിയത്. ഗൗതം കടവിനോട് ചേർന്നുള്ള കയത്തിൽ മുങ്ങിതാഴ്‌ന്നതോടെ രക്ഷപ്പെടുത്താൻ ശ്രമിക്കവേയാണ് മറ്റുള്ള മൂന്നുപേരും ഒഴുക്കിൽപെട്ടത്. സമീപത്ത് തുണിയലക്കി നിന്നിരുന്ന നാട്ടുകാരായ പ്രസന്നയും ഓമനയും ചേർന്ന് ഇട്ടുകൊടുത്ത സാരിയിൽ പിടിച്ച് അനിത രക്ഷപ്പെട്ടു. നിരഞ്ജനയ്ക്ക് സാരി ഇട്ടുകൊടുത്തെങ്കിലും പിടിക്കാൻ കൂട്ടാക്കാതെ അച്ഛനരികിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ മുങ്ങിത്താഴ്‌ന്നു. സമീപത്തുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് നാട്ടുകാരും റാന്നി പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. പമ്പ് ഹൗസിന് മുമ്പിലുള്ള കയത്തിൽ 12 അടിയിലധികം വെള്ളമുണ്ടായിരുന്നു.
പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേന സ്‌കൂബാ ടീമംഗങ്ങളും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ കരയ്‌ക്കെടുത്തത്. അഞ്ചുമണിയോടെ ഗൗതമിന്റെയും അഞ്ചരയോടെ അനിൽകുമാറിന്റെയും ആറ് മണിയോടെ നിരഞ്ജനയുടെയും മൃതദേഹം കണ്ടെടുത്തു. സംഭവമറിഞ്ഞ് ചെറുകോൽപ്പുഴയിലുണ്ടായിരുന്ന മന്ത്രി റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എം.പി., പ്രമോദ് നാരായൺ എം.എൽ.എ., എന്നിവരും ജില്ലാ പോലീസ് മേധാവി എസ്.അജിത്ത്, റാന്നി ഡിവൈ.എസ്.പി. ആർ.ബിനു, ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരും സ്ഥലത്തെത്തി.
വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിലെത്തി പെയിന്റിങ് ജോലികൾ ചെയ്തുവരുകയായിരുന്നു. സലിജയാണ് ഭാര്യ. റാന്നി ഗ്രാമന്യായാലയത്തിലെ ജീവനക്കാരി സീനാമോളാണ് ഗൗതം സുനിലിന്റെ അമ്മ. സഹോദരി: ഗൗരി. റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ പിന്നീട് റാന്നി മാർത്തോമാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രസന്നയും ഓമനയും നിരഞ്ജനയ്ക്ക് സാരി എറിഞ്ഞുകൊടുത്തു. അതിൽ പിടിച്ച് കരയ്ക്ക് കയറാമായിരുന്നെങ്കിലും അവളതുചെയ്തില്ല. അച്ഛൻ പോകുന്നുവെന്ന് അലറിക്കരഞ്ഞ മകൾ അനിലിനരികിലേക്ക് നീങ്ങുകയും ഇരുവരും മുങ്ങിത്താഴുകയുമായിരുന്നു. മരണത്തിൽ അച്ഛനെ ഒറ്റയ്ക്കാക്കാതെ നിരഞ്ജനയും ഒപ്പംചേർന്നു
മൂന്നുപേരും ഒഴുക്കിൽപെടുമ്പോൾ തൊട്ടടുത്ത് തുണി അലക്കുകയായിരുന്നു ആനപ്പാറമല ബംഗ്ലാവുങ്കൽ പ്രസന്നയും ബന്ധു ഓമനയും. മുങ്ങിത്താഴ്‌ന്നുകൊണ്ടിരുന്ന അനിതയ്ക്ക് ഇവർ സാരി എറിഞ്ഞുകൊടുത്തു. അതിൽ പിടിച്ച് അവർ രക്ഷപ്പെട്ടു.
മുണ്ടപ്പുഴ ചന്തക്കടവിൽ നീണ്ട ഒരു ഇടവേളയ്ക്കുശേഷം നടന്ന ദുരന്തത്തിൽ പൊലിഞ്ഞത് രണ്ട് വിദ്യാർഥികളുടേതടക്കം മൂന്നു ജീവനുകൾ. നിരന്തരം മുങ്ങിമരണം നടന്നിരുന്ന പമ്പ് ഹൗസിനോട് ചേർന്ന കടവിൽ കഴിഞ്ഞ ഏഴുവർഷങ്ങളായി ദുരന്തകഥകളൊന്നും സംഭവിച്ചിരുന്നില്ല. അതിന് മുമ്പ് എല്ലാ വർഷവും ഒരു മുങ്ങിമരണമെങ്കിലും ഇവിടെ സംഭവിച്ചിരുന്നു. പമ്പ്ഹൗസിനോട് ചേർന്ന ഭാഗത്തുള്ള വലിയ കയമാണ് ദുരന്തം വിതയ്ക്കുന്നത്. അപ്രതീക്ഷിതമായി ഞായറാഴ്ച വൈകീട്ടുണ്ടായ ദുരന്തം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി