തിരുവനന്തപുരം:ദേശീയപാതയിൽ പള്ളിപ്പുറത്ത് ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ സ്വർണം കവർന്ന സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
കവർച്ചാസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് കാറുകളുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം, പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
കവർച്ചാസംഘം രണ്ട് കാറുകളിലായി വന്നു എന്നാണ് കവർച്ചയ്ക്കിരയായവരുടെ മൊഴി. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തുനിന്നായി കവർച്ചാസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് കാറുകളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതിലൊരു കാറിന്റെ നമ്പറും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, ഇത് യഥാർഥ നമ്പർ തന്നെയാണോ എന്നും കാറിൽ സഞ്ചരിച്ചത് പ്രതികളാണോ എന്നുമുള്ള കാര്യങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്നോസിറ്റിക്കു സമീപം വച്ചാണ് ആഭരണ വ്യാപാരിയായ സമ്പത്തും മറ്റു രണ്ടുപേരും യാത്രചെയ്തിരുന്ന കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നത്.