തിരുവനന്തപുരം: പാനൂര്‍ പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രാദേശിക ബിജെപി നേതാവും സ്‌കൂള്‍ അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസില്‍ കെ.പത്മരാജന് (49) തലശേരി അതിവേഗ സ്‌പെഷല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍വച്ചു മൂന്നു തവണ പീഡിപ്പിച്ചെന്നാണു കേസ്.
പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും പാനൂര്‍ പൊലീസിലും കുട്ടിയുടെ മാതാവ് പരാതി നല്‍കി. സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോക്‌സോ ചുമത്തി കേസെടുത്തു. ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് അടക്കം നാലു സംഘം മാറിമാറി അന്വേഷിച്ച കേസില്‍ നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ അന്തിമ കുറ്റപത്രം നല്‍കിയത്. ക്രൈംബ്രാഞ്ച് പോക്‌സോ ഒഴിവാക്കി കുറ്റപത്രം നല്‍കിയത് വിവാദമായിരുന്നു.


