കൊച്ചി:റെയിൽവേ ജീവനക്കാരുടെ സൗകര്യർത്ഥം ജൂൺ 30 വരെ ഏറ്റുമാനൂരിൽ പാലരുവിയ്ക്ക് സ്റ്റോപ്പ് അനുവദിച്ചു. ഏറ്റുമാനൂരിൽ നിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുന്ന ജീവനക്കാർക്ക് വേണ്ടിയാണ് റെയിൽവേ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
എറണാകുളത്ത് ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനാണ് പാലരുവി എക്സ്പ്രെസ്സ്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന സ്ത്രീകളടങ്ങുന്ന യാത്രക്കാരുടെ കൂട്ടായ്മ പാലരുവിയ്ക്ക് സ്റ്റോപ്പ് അനുവദിയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനം നൽകുകയും പലതവണ പ്ലാറ്റ് ഫോമിൽ പ്രതിഷേധിക്കുകയും ചെയ്തിട്ടും മൗനം പാലിച്ച റെയിൽവേയാണ് ഇപ്പോൾ ജീവനക്കാരുടെ മാത്രം സൗകര്യം പരിഗണിച്ച് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
താത്കാലിക സ്റ്റോപ്പ് അനുവദിച്ച സർക്കുലർ ഇറങ്ങിയിട്ടില്ലെന്നതിനാൽ ഏറ്റുമാനൂരിൽ നിന്നുള്ള യാത്രക്കാർ ഇപ്പോഴും കോട്ടയത്ത് നിന്നുമാണ് ട്രെയിൻ കയറുന്നത്. ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കാനായി യാത്രക്കാർ മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികളുടെ വീട്ടിലും ഓഫീസ് വരാന്തയിൽ കയറിയിറങ്ങിയിട്ടും ലഭിക്കാത്ത ആനുകൂല്യമാണ് റെയിൽവേ ജീവനക്കാർ നിസ്സാരമായി നേടിയെടുത്തത്. താത്കാലിക സ്റ്റോപ്പ് അനുവദിച്ച് സർക്കുലർ ഇറങ്ങിയിരുന്നെങ്കിൽ ഈ കോവിഡ് കാലത്തും അൻപതിലേറെ യാത്രക്കാർക്ക് ഗുണം ചെയ്തേനെ.
നിലവിൽ എറണാകുളം ഭാഗത്തേക്ക് ഓഫീസ് ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർ സ്വകാര്യവാഹനമാണ് ഉപയോഗിക്കുന്നത്. പല കമ്പനികളും ശമ്പളം വെട്ടിക്കുറച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ പെട്രോൾ വിലയ്ക്ക് ഇരുചക്രവാഹനത്തിൽ ഓഫീസിൽ പോയി മടങ്ങുക സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ്.
ബസിൽ യാത്ര ചെയ്യുന്നതിലും സുരക്ഷിതമാണ് ട്രെയിൻ യാത്രകൾ. രാത്രി വൈകിയും യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ട്രെയിൻ ഒരു ധൈര്യമാണ്. സർക്കാർ ബസ് യാത്രയ്ക്ക് ഇളവ് പ്രഖ്യാപിച്ചപ്പോളും റെയിൽവേ യാത്രക്കാരെ പാടേ തഴയുകയായിരുന്നു. സീസൺ അനുവദിക്കാതെയും റിസർവേഷൻ നിരക്കും അതിന്റെ ഇരട്ടിതുക ലാക്കാക്കി ഫെസ്റ്റിവൽ സ്‌പെഷ്യൽ ഫെയറും മാത്രം അനുവദിച്ച് യാത്രക്കാരെ കൊള്ളയടിക്കുകയാണ് റെയിൽവേ.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇപ്പോൾ പാലരുവിയ്ക്ക് അനുകൂലസ്വരമാണ് ഉയരുന്നത്. രാവിലെ 07 35 ന് ഏറ്റുമാനൂർ വഴി കടന്നുപോകുന്ന പാലരുവി എക്സ്പ്രസ്സ് sheduled time ന് മിനിറ്റുകൾക്ക് മുമ്പേ പല സ്റ്റേഷനുകളിലും എത്തിച്ചേരുന്നതിനാൽ ഏറ്റുമാനൂരിൽ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ നിലവിലെ time shedule മാറ്റാതെ തന്നെ യാത്ര തുടരാവുന്നതാണ്. അതുപോലെ വൈകിട്ട് 06 45 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന പാലരുവി എക്സ്പ്രെസ്സ് ജോലിക്കാർക്ക് ഏറെ സഹായകമാണ്.
കുറുപ്പന്തറയിൽ നിന്നും കേവലം 20 കിലോമീറ്റർ സഞ്ചരിച്ചു കോട്ടയത്ത് എത്താൻ 35 മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. കുറുപ്പന്തറയ്ക്കും കോട്ടയത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഏറ്റുമാനൂർ ഒരു മിനിറ്റ് സ്റ്റോപ്പേജ് അനുവദിക്കുന്നതിലൂടെ നിലവിലെ സമയക്രമത്തെ ബാധിക്കുകയില്ല.. അതേസമയം നിശ്ചിത സമയത്തിന് മുമ്പേ എറണാകുളത്തും കോട്ടയത്തും എത്തിച്ചേരുന്ന പാലരുവി എക്സ്പ്രസ്സ് സ്റ്റേഷൻ ഔട്ടറിൽ 15 മിനുട്ടുകൾക്ക് മേലെ കാത്തുകിടക്കുന്നത് സ്ഥിരം സംഭവമാണ്. ഈ സമയം ഏറ്റുമാനൂർ ഉപകാരപ്പെടുത്താവുന്നതാണ്.
പലരുവിക്ക് ഇത്രധികം യാത്രക്കാർ ഇല്ലാത്ത പല സ്റ്റേഷനുകളിലും stoppage ന് പരിഗണിച്ച സമയത്ത് ഏറ്റുമാനൂരിനെ തഴയപ്പെടാൻ കാരണം ഒരു പ്ലാറ്റ് ഫോം മാത്രമുണ്ടായിരുന്ന കാരണത്താലാണ്. ഇരട്ടപ്പാതയും അനുബന്ധ സംവിധാനങ്ങളുമടക്കം ഗതാഗത യോഗ്യമായ 4 പ്ലാറ്റ് ഫോമുകളുമായി അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച ശേഷവും എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാമെന്ന വാഗ്ദാനങ്ങൾ ഇവിടെ ബാക്കിയാവുകയാണ്. DIRECT LINE ൽ 2 Island പ്ലാറ്റ് ഫോമുകൾ ഉള്ളതിനാൽ പാലരുവിക്ക് ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ യാതൊരു സമയനഷ്ടവും ഉണ്ടാകുന്നില്ല.
കോട്ടയം കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആദായമുള്ള സ്റ്റേഷനാണ് ഏറ്റുമാനൂർ. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ഗതാഗതക്കുരുക്കുകൾ കൂടാതെ പാലാ, പേരൂർ, നീണ്ടൂർ, ആർപ്പൂക്കര, മാന്നാനം, അയർക്കുന്നം എന്നിവിടങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതും ഏറ്റുമാനൂരിനെ ഏറെ ജനകീയമാക്കിയിട്ടുണ്ട്.
MG യൂണിവേഴ്സിറ്റി, ITI, KE കോളേജ്, ഏറ്റുമാനൂരപ്പൻ കോളേജ് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജ്, ICH, കാരിത്താസ് മറ്റ് പ്രൈമറി ഹെൽത്ത് സെന്ററുകൾ തീർത്ഥാടന കേന്ദ്രമായ അതിരമ്പുഴ പള്ളി, ഏറ്റുമാനൂർ ക്ഷേത്രം, മറ്റു കച്ചവട കേന്ദ്രങ്ങൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അങ്ങനെ സർക്കാർ – അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യമേഖലയിൽ ജീവനക്കാർ എല്ലാവരുടെയും ഏറ്റവും അടുത്ത ആശ്രയമാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ.
ഓഫീസ് സമയം പാലിക്കുന്നതിന് സമീപ റെയിൽവേ സ്റ്റേഷനുകളെയും മറ്റു ഗതാഗത മാർഗ്ഗങ്ങളെയും ആശ്രയിക്കുന്ന നിരവധിയാളുകൾ റെയിൽവേയുടെ കനിവിനായി കാത്തിരിക്കുകയാണ്