KeralaNews

ഒടുവിൽ ഏറ്റുമാനൂരിൽ പാലരുവിയ്‌ക്ക് സ്റ്റോപ്പിന് തീരുമാനമായി, നിർത്തുക ഈ തീയതി മുതൽ

കോട്ടയം:സെപ്റ്റംബർ 20 മുതൽ പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി. സെപ്റ്റംബർ 20 ന് പാലക്കാട് നിന്ന് പുറപ്പെടുന്ന 16792 തിരുനെൽവേലി പാലരുവി എക്സ്പ്രസ്സാണ് ഏറ്റുമാനൂരിൽ ആദ്യം എത്തിച്ചേരുന്നത്. ബുധനാഴ്ച രാത്രി 07.50 ന് എത്തിച്ചേരുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 20 ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന പാലരുവി പിറ്റേദിവസം വ്യാഴാഴ്ച രാവിലെ 07.08 നാണ് ഏറ്റുമാനൂരിൽ എത്തിച്ചേരുന്നത്.

സ്റ്റോപ്പ്‌ അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനം ശരിവെയ്ക്കുന്ന വരുമാനം ഏറ്റുമാനൂരിൽ നിന്ന് പ്രതീക്ഷിക്കാമെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിനെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു.

ഏറ്റുമാനൂർ സ്റ്റേഷന്റെ വികസനം ചർച്ച ചെയ്യുന്നതിന് കോട്ടയം എം പി ശ്രീ തോമസ് ചാഴികാടൻ ഇന്ന് സ്റ്റേഷനിലേയ്ക്ക് തിരുവനന്തപുരം ഡിവിഷണൽ മാനേജർ എസ് എം ശർമ്മയെ ക്ഷണിച്ചിരുന്നു. അമൃത് ഭാരത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾവർദ്ധിപ്പിക്കുന്നതിന് യോഗത്തിൽ തീരുമാനമായ ദിവസം തന്നെ സ്റ്റോപ്പ്‌ അനുവദിച്ചത് ഇരട്ടി മധുരമായെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു.

2019 ഡിസംബർ 09 ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സ്റ്റേഷനിൽ തുടങ്ങിവെച്ച പ്രതിഷേധസമരങ്ങൾക്ക് ശുഭപര്യവസാനമായെന്നും,ഈ വിജയം ഇതിന് വേണ്ടി പൊരുതിയ യാത്രക്കാർക്ക് അവകാശപ്പെട്ടതാണെന്നും സെക്രട്ടറി ലിയോൺസ് ജെ അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ ദുരിതം തെല്ലും ചോരാതെ ജനകീയമാക്കിയതിൽ മാധ്യമങ്ങൾക്കുള്ള പങ്കും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button