23.8 C
Kottayam
Monday, May 20, 2024

പാലരുവി നാളെ മുതൽ പുതിയ സമയക്രമത്തിൽ

Must read

കൊച്ചി:കോട്ടയം മുതൽ പാലക്കാട് വരെയുള്ള പാലരുവിയുടെ സമയം റെയിൽവേ പരിഷ്കരിച്ചു. എറണാകുളം ഔട്ടറിൽ കഴിഞ്ഞ അഞ്ചുവർഷമായി അനാവശ്യമായി പിടിച്ചിടുന്നതിന് ഇതോടെ മോചനമായി. ഇന്ന് രാത്രി തിരുനെൽവേലിയിൽ നിന്നെടുക്കുന്ന പാലരുവി പുതുക്കിയ സമയക്രമത്തിലാണ് യാത്ര ആരംഭിക്കുന്നത്.

എല്ലാ ദിവസവും 08 45 ന് എറണാകുളം സ്റ്റേഷൻ ഔട്ടറിൽ എത്തുന്ന പാലരുവിയ്ക്ക് എറണാകുളം ടൗണിലെ സമയം ഇതുവരെ 09 25 ആയിരുന്നു. 08 50 എന്ന സമയമാറ്റം നടപ്പാക്കുന്നതോടെ ഈ ട്രെയിനിൽ തൃശൂർ, പാലക്കാട് എത്തിച്ചേരേണ്ട ദീർഘ ദൂരയാത്രക്കാർക്ക് വളരെയേറെ പ്രയോജനകരമാകും.

2017ഏപ്രിലാണ് പാലരുവി എന്ന പേരിൽ ട്രെയിൻ നമ്പർ 16791 സർവീസ് ആരംഭിക്കുന്നത്. ആദ്യം പുനലൂർ മുതൽ പാലക്കാട് വരെയായിരുന്ന പാലരുവി 2018 ജൂലൈ 9 ന് തിരുനെൽവേലി വരെ നീട്ടുകയായിരുന്നു. 2019 സെപ്റ്റംബറിലാണ് സ്ലീപ്പർ കോച്ചുകൾ ഈ ട്രെയിനിൽ അനുവദിക്കുന്നത്. ജനറൽ കോച്ചുകൾ മാത്രമായിരുന്നു പാലരുവിയിൽ ആദ്യം ഉണ്ടായിരുന്നത്.

തിരുനെൽവേലിയിൽ നിന്ന് ആദ്യം ട്രെയിൻ ആരംഭിച്ചിരുന്നത് രാത്രി 10.45 ന് ആയിരുന്നു. പിന്നീട് ട്രെയിൻ സമയം 11.20 ലേയ്ക്ക് മാറ്റിയപ്പോളും പല സ്റ്റേഷനുകളിലും സമയത്തിലും നേരത്തെ എത്തുന്നുണ്ട്.

യാത്ര ആരംഭിച്ച ശേഷം അഞ്ച് വർഷത്തിനിടെ അധികമായി ഉണ്ടായിരുന്ന 40 മിനിറ്റ് ഇടയ്ക്ക് ഒഴിവാക്കിയിട്ടുണ്ട്. എത്തിച്ചേരേണ്ട സമയത്തിലും അധികമായി തിരുനെൽവേലി മുതൽ പാലക്കാട് വരെ ആകെ ഒരു രണ്ടുമണിക്കൂറിലേറെ പല സ്റ്റേഷനിലുമായി പുതിയ സമയമാറ്റത്തിന് ശേഷവും അധികമായി കിടപ്പുണ്ട്. എല്ലാ ദിവസവും കൊല്ലം ജംഗ്ഷനിൽ നാല് മണിക്ക് എത്തിച്ചേരുന്ന പാലരുവിയുടെ പുറപ്പെടേണ്ട സമയം അഞ്ചുമണിയാണ്. ഈ സമയത്തിൽ യാതൊരു വ്യത്യാസവും വരുത്താതെയാണ് നാളെ കോട്ടയം മുതൽ പാലക്കാട് വരെ മാത്രം ട്രെയിൻ സമയം പുനക്രമീകരിച്ചത്. കൂടാതെ കോവിഡ് അനന്തരം പാലരുവിയുടെ തിരുനെൽവേലിയ്ക്കും കൊല്ലത്തിനും ഇടയിലുള്ള 8 സ്റ്റേഷനിലെ സ്റ്റോപ്പുകൾ റെയിൽവേ വെട്ടികുറച്ചിട്ടുണ്ട്. ഈ സ്റ്റേഷനിലെ സ്റ്റോപ്പുകൾ ഇനി പരിഗണിക്കേണ്ടതില്ല എന്നാണ് റെയിൽവേയുടെ നിലപാട്.

“കോട്ടയം യാത്രക്കാർക്ക് പുതിയ സമയ മാറ്റത്തിലൂടെ ലഭിക്കുന്ന നേട്ടം”

▪️കോഴിക്കോട് ഭാഗത്തേയ്ക്ക് ഉച്ചയ്ക്ക് മുമ്പ് എത്തേണ്ട യാത്രക്കാർക്ക് ഈ ട്രെയിനിൽ ആലുവ സ്റ്റേഷനിൽ ഇറങ്ങിയാൽ എറണാകുളം ജംഗ്ഷനിൽ നിന്ന് 09 17 ന് എടുക്കുന്ന ജനശതാബ്ദിയിൽ യാത്ര ചെയ്യാം

▪️ ബാംഗ്ലൂർ വരെ പോകേണ്ട യാത്രക്കാർക്ക് പാലരുവിയിൽ ആലുവയിൽ ഇറങ്ങിയാൽ എറണാകുളം ജംഗ്ഷനിൽ നിന്ന് 09.10 ന് എടുക്കുന്ന ബാംഗ്ലൂർ ഇന്റർസിറ്റി ലഭിക്കുന്നതാണ്.

▪️എറണാകുളം ഔട്ടറിൽ നഷ്ടപ്പെടുന്ന സമയം യാത്രക്കാർക്ക് ലാഭിക്കാം

“സമയമാറ്റം # കോട്ടങ്ങൾ”

രാവിലെ കോട്ടയത്ത് നിന്നുള്ള മെമുവും പാലരുവിയും തൃപ്പിണിത്തുറയിലും എറണാകുളത്തും വളരെ നേരത്തെയാണ് എത്തിച്ചേരുന്നത്. ഇതിലൂടെ സ്ത്രീ യാത്രക്കാർ അടക്കം വളരെ നേരത്തെ വീട്ടിൽ നിന്നും യാത്ര ആരംഭിക്കേണ്ട സാഹചര്യമാണ് നിലവിൽ വന്നുചേരുന്നത്. ശേഷമുള്ള വേണാട് ഓഫീസ് സമയം പാലിക്കുന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. വേണാടിന് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പും ഇല്ല. കോട്ടയം കഴിഞ്ഞുള്ള സ്റ്റോപ്പുകളിൽ 15 മിനിറ്റിലേറെ നേരെത്തെ എത്തിച്ചേരുന്ന വിധമാണ് പുതിയ സമയക്രമം വന്നിരിക്കുന്നത്. അതോടെ കോട്ടയം-എറണാകുളം സ്ഥിര യാത്രക്കാർക്ക് പാലരുവി പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഏഴ് മണിയ്ക്ക് മുമ്പ് സ്റ്റേഷനിൽ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യമില്ലാത്തതും സ്ത്രീകൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.

▪️സ്ഥിരയാത്രക്കാരുടെ നിരന്തര ആവശ്യമായിരുന്ന ഏറ്റുമാനൂർ സ്റ്റോപ്പ്‌ പുതിയ സമയക്രമത്തിലും പരിഗണിക്കാത്തത് യാത്രക്കാർക്കിടയിൽ പ്രതിഷേധമുണ്ട്. കോട്ടയം മുതൽ എറണാകുളം വരെ അധിക സമയം ചൂണ്ടിക്കാട്ടിയത് ഏറ്റുമാനൂർ പാസഞ്ചർ അസോസിയേഷനായിരുന്നു. ഈ സമയം ഏറ്റുമാനൂരിൽ ഉപയോഗപ്പെടുത്തണമെന്ന അവരുടെ ആവശ്യം കാറ്റിൽ പറത്തിയാണ് പുതിയ സമയം ക്രമം റെയിൽവേ പ്രഖ്യാപിച്ചത്.

▪️ തൃപ്പൂണിത്തുറയിൽ നിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ച് എറണാകുളം ടൗണിൽ എത്തിച്ചേരാൻ 35 മിനിറ്റ് സമയമാണ് ഇപ്പോളും അനുവദിച്ചിരിക്കുന്നത്.
ഇപ്പോൾ തിരുനെൽവേലിയിൽ നിന്ന് 11.20 ന് എടുക്കുന്ന ട്രെയിൻ പുലർച്ചെ 12.30 എന്ന സമയത്തിലേക്ക് മാറ്റിയാലും ട്രെയിൻ പാലക്കാട് എത്തുന്ന സമയത്തിൽ മാറ്റം വരുത്തേണ്ട കാര്യം ഇല്ല. അധിക സമയം എടുത്തു കളയണം എന്ന് തന്നെയാണ് യാത്രക്കാരുടെ പൊതുവായ വികാരം, പക്ഷേ അത് ആരംഭിക്കുന്ന സമയത്തിലാണ് ഭേദഗതി വരുത്തേണ്ടത്.

യാത്രക്കാർ അധികമുള്ള ഏറ്റുമാനൂർ, അങ്കമാലി, ചാലക്കുടി, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി പോലുള്ള പ്രധാന സ്റ്റേഷനുകൾക്ക് സ്റ്റോപ്പ്‌ നിഷേധിച്ചാണ് പാലരുവി കൂടുതൽ പ്രശസ്തിയായത് തന്നെ. അനാവശ്യമായി സ്റ്റേഷൻ ഔട്ടറിൽ പിടിച്ചിടുന്ന സമയം ഈ സ്റ്റേഷനിൽ ഉപകാരപ്പെടുത്തിയിരുന്നെങ്കിൽ റെയിൽവേയ്ക്ക് സാമ്പത്തിക നേട്ടവും കൈവരിക്കാമായിരുന്നു.

പുതുക്കിയ സമയക്രമം : സ്റ്റേഷൻ (എത്തിച്ചേരുന്ന സമയം /പുറപ്പെടുന്ന സമയം):

കോട്ടയം (07.05 hrs./07.08 hrs.), കുറുപ്പന്തറ (07.26 hrs./07.27 hrs.), വൈക്കം റോഡ് (07.36 hrs./07.37 hrs.), പിറവം റോഡ് (07.45 hrs./07.46 hrs.), മുളന്തുരുത്തി (07.57 hrs./07.58 hrs.), തൃപ്പൂണിത്തുറ (08.10 hrs./08.11 hrs.), എറണാകുളം ടൗൺ (08.45 hrs./08.50 hrs.), ആലുവ (09.10 hrs./09.12 hrs.), തൃശൂർ (10.00 hrs./10.03 hrs.), ഒറ്റപ്പാലം (10.58 hrs./11.00 hrs.), പാലക്കാട് ജംഗ്ഷൻ (12.00 hrs./-).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week