KeralaNews

പാലരുവി ഏറ്റുമാനൂരിൽ നിർത്തിയില്ല, റെയിൽവേ ഓപ്പറേഷൻ വിഭാഗത്തിൽ പിഴവ്

ഏറ്റുമാനൂർ:അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ ജനുവരി 24, 25 തിയതികളിൽ സ്റ്റോപ്പ്‌ അനുവദിച്ചിരുന്നു. എന്നാൽ റെയിൽവേ ഓപ്പറേഷൻ വിഭാഗത്തിലെ പിഴവ് മൂലം ട്രെയിൻ ഇന്ന് നിർത്താതെ കടന്നു പോകുകയാണ് ഉണ്ടായത്.

പാലരുവിയ്ക്ക് എറണാകുളം ഭാഗത്തേയ്ക്ക് യാത്രചെയ്യാൻ നിരവധി യാത്രക്കാരാണ് ഇന്ന് രാവിലെ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചേർന്നത്. തിരുനാൾ ഒരുക്കങ്ങളോട് അനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 തിയതികളിൽ പാലരുവിയ്ക്ക് സ്റ്റോപ്പ്‌ ഉണ്ടെന്ന വിവരം വികാരി ഫാ. ഡോ ജോസഫ് മുണ്ടകത്തിൽ വിശ്വാസികളെ അറിയിച്ചിരുന്നു. അതനുസരിച്ചു തെക്കൻ കേരളത്തിൽ നിന്ന് തിരുനാൾ കൂടാൻ അതിരമ്പുഴയിലെ ബന്ധുവീടുകളിലേക്ക് യാത്ര ചെയ്തവർക്ക് കടുത്ത ദുരിതമാണ് റെയിൽവേ സമ്മാനിച്ചത്. അടിസ്ഥാന ബസ് സൗകര്യമില്ലാത്ത കുറുപ്പന്തറ സ്റ്റേഷനിൽ ഇന്ന് ഇറങ്ങിയ വൃദ്ധജനങ്ങളെ റെയിൽവേയുടെ തെറ്റായ തീരുമാനം അക്ഷരാർത്ഥത്തിൽ വട്ടം ചുറ്റിക്കുകയായിരുന്നു.

തോമസ് ചാഴികാടൻ എം പി ഇടപെട്ടാണ് ഏറ്റുമാനൂരിൽ തിരുനാൾ ദിവസങ്ങളിൽ പാലരുവി അടക്കം മൂന്ന് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്‌ നേടിയെടുത്തത്. യാത്രക്കാർ തോമസ് ചാഴികാടൻ എം. പി യെ വിവരം ധരിപ്പിച്ചതനുസരിച്ച് അദ്ദേഹം അധികൃതരുമായി സംസാരിച്ചതിൽ നിന്നും ഓപ്പറേഷൻ വിഭാഗത്തിലെ പിഴവ് ആണെന്ന് ഒടുവിൽ സമ്മതിക്കുകയായിരുന്നു. ജനുവരി 24 നും 25 നും തിരുനെൽവേലിയിൽ നിന്ന് എടുക്കുന്ന ട്രെയിനാണ് സ്റ്റോപ്പ്‌ അനുവദിച്ചത് എന്നായിരുന്നു അവർ ആദ്യം ഉന്നയിച്ചത്. ജനുവരി 24 ന് തിരുനെൽവേലിയിൽ നിന്ന് എടുക്കുന്ന ട്രെയിൻ ജനുവരി 25 നാണ് ഏറ്റുമാനൂർ എത്തിച്ചേരുക. അതുപ്രകാരം ജനുവരി 25,26 തിയതികളിലാണ് പാലരുവി ഏറ്റുമാനൂരിൽ നിർത്തുക.

പാലരുവിയ്ക്ക് സ്റ്റോപ്പ്‌ പ്രതീക്ഷിച്ച് നേരെത്തെ ഏറ്റുമാനൂരിൽ എത്തിയ യാത്രക്കാർ സ്റ്റേഷൻ മാസറ്ററോട് വിഷയം അവതരിപ്പിച്ചെങ്കിലും അധികൃതരെ അറിയിക്കാനോ തുടർ നടപടികൾ സ്വീകരിക്കാനോ തയ്യാറായില്ല. കോട്ടയം സ്റ്റേഷനിൽ പാലരുവി എത്തുന്നതിന് മുമ്പ് സ്റ്റേഷൻ മാസ്റ്ററെ പാലരുവി സ്റ്റോപ്പിന്റെ കാര്യം യാത്രക്കാർ ഓർമ്മപ്പെടുത്തിയതാണ്. ട്രെയിൻ ഏറ്റുമാനൂരിലൂടെ കടന്നുപോയപ്പോൾ നിസ്സഹായരായി നിന്ന പലരും എറണാകുളം ഭാഗത്തേയ്ക്കുള്ള അടുത്ത ട്രെയിനായ വേണാടിന് വേണ്ടി ഒന്നരമണിക്കൂറിലധികം കാത്തുനിൽക്കേണ്ടി വന്നു.പതിവ് പോലെ വൈകി എത്തിയ വേണാട് പിറവം സ്റ്റേഷനിലെ എഞ്ചിൻ തകരാറുകൂടിയായപ്പോൾ 10.42 നാണ് എറണാകുളം എത്തിച്ചേർന്നത്. തന്മൂലം ഓഫീസ് ജീവനക്കാരുടെ പകുതി സാലറി ഇന്നും നഷ്ടമായി.

ഏറ്റുമാനൂർ സ്റ്റേഷനോടും യാത്രക്കാരോടും റെയിൽവേ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് യാത്രക്കാരുടെ കൂട്ടായ്മകൾ അഭിപ്രായപ്പെട്ടു. മൂന്ന് വർഷമായി പാലരുവി വിഷയവുമായി ബന്ധപ്പെട്ട് യാത്രക്കാർ നടത്തിയ ശ്രമങ്ങളെ വിലയിരുത്തിയ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് റെയിൽവേയുടെ ജനദ്രോഹ നടപടികളെ അപലപിച്ചു.

ജനുവരി 24 ന് നഗരം ചുറ്റിയുള്ള പ്രദക്ഷിണവും രഥഘോഷയാത്രയും നൽകുന്ന ഭക്തി നിർഭരമായ നിമിഷങ്ങൾക്ക് വിശ്വാസികളുടെ ഒരു വർഷത്തെ കാത്തിരിപ്പുണ്ട്. വ്യക്തമായ നിർദ്ദേശം നൽകിയിട്ടും റെയിൽവേ ഓപ്പറേഷൻ വിഭാഗത്തിന്റെ അശ്രദ്ധയും അനാസ്ഥയുമാണ് യാത്രക്കാർക്ക് നേരിട്ട ദിരിതത്തിന് പിന്നിലെന്ന് യാത്രക്കാരെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം ആരോപിച്ചു. സ്ഥിരമായി സ്റ്റോപ്പ്‌ അനുവദിക്കുന്നതിന് യാതൊരു സാങ്കേതിക തടസ്സവും നിലവിലില്ലാത്ത ഏറ്റുമാനൂർ സ്റ്റേഷനിൽ തത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചപ്പോളും റെയിൽവേയുടെ നിഷേധാത്മക സമീപനം ആവർത്തിക്കുകയായിരുന്നു. അതുപോലെ ജനുവരി 26 നുള്ള സ്റ്റോപ്പുകൊണ്ട് ഓഫീസ് ജീവനക്കാർക്കോ ഭക്ത ജനങ്ങൾക്കോ ഉപകാരപ്പെടില്ലെന്ന് ശ്രീജിത്ത് കുമാർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button