KeralaNews

ഗുഡ്സിനായി പാലരുവിയെ പിടിച്ചിട്ടത് ഒരു മണിക്കൂറോളം; കൺട്രോളിംഗിലെ പിഴവിൽ പകുതി സാലറി നഷ്ടമായത് നൂറിലേറെപേർക്ക്…

കൊച്ചി:കോട്ടയം മുതൽ ഷെഡ്യൂൾ സമയത്തിനും മുമ്പേ എല്ലാ സ്റ്റേഷനിലും എത്തിച്ചേർന്ന പാലരുവിയെ എറണാകുളം ടൗണിലെ യാർഡിൽ പിടിച്ചിട്ടത് ഒരു മണിക്കൂറിനടുത്ത്. ഗുഡ്സ് യാർഡിന് സമീപം പാലരുവി പിടിച്ചിട്ട ശേഷം ഗുഡ്സ് ട്രെയിന് ടൗണിലേയ്ക്ക് സിഗ്നൽ നൽകുകയായിരുന്നു. പിന്നീട് 40 മിനിറ്റുകൾക്ക് ശേഷമാണ് പാലരുവിയ്‌ക്ക് സിഗ്നൽ നൽകിയത്.

എന്നാൽ പാലരുവി ടൗണിലെ പ്ലാറ്റ് ഫോമിൽ പ്രവേശിച്ചപ്പോളും സ്റ്റേബിൾ ലൈനിൽ ഗുഡ്സ് വിശ്രമിക്കുകയായിരുന്നു. പാലരുവി കടന്നുപോയി അരമണിക്കൂറിന് ശേഷമുള്ള 12076 കോഴിക്കോട് ശതാബ്ദിയിലെത്തുന്ന ജീവനക്കാരാണ് ഗുഡ്സ് ട്രെയിൻ ഓപറേറ്റ് ചെയ്യേണ്ടിയിരുന്നത്.

കണ്ട്രോളിംഗ് വിഭാഗത്തിലുണ്ടായ ആശയക്കുഴപ്പമാണ് ഗുഡ്സിന് ആദ്യം സിഗ്നൽ നൽകാൻ കാരണമായത്. പാലരുവിയ്‌ക്ക് പിറകെ ബാംഗ്ലൂർ ഇന്റർസിറ്റിയും കോഴിക്കോട് ശതാബ്ദിയും വൈകാൻ സാങ്കേതിക വിഭാഗത്തിലെ ഈ പിഴവ് കാരണമായി

വന്ദേഭാരത്‌ സർവീസ് നടത്താത്ത വ്യാഴാഴ്ച ദിവസങ്ങളിൽ പാലരുവി കൃത്യസമയം പാലിക്കുമെന്ന് പ്രതീക്ഷിച്ച് പുലർച്ചെയുള്ള മെമു ഉപേക്ഷിച്ച് പാലരുവിയെ ആശ്രയിച്ചവർക്കാണ് കൂടുതൽ ക്ഷീണം ചെയ്തത്. 15 മിനിറ്റോളം പാലരുവി വൈകിയതോടെ 09.00 ന് മുമ്പ് പഞ്ച് ചെയ്യേണ്ട നൂറുകണക്കിന് ആളുകൾക്ക് പകുതി സാലറി നഷ്ടമായി. കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനാണ് പാലരുവി എക്സ്പ്രസ്സ്‌.

പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒന്നരമണിക്കൂറിലേറെ ഇടവേളയുള്ളതിനാൽ വലിയ തിരക്കാണ് പാലരുവിയിൽ അനുഭവപ്പെടുന്നത്.. ആയിരക്കണക്കിന് ആളുകളാണ് കോട്ടയം ജില്ലയിലെ പല സ്റ്റേഷനുകളിൽ നിന്ന് പാലരുവിയിൽ എറണാകുളത്തേയ്ക്ക് സഞ്ചരിക്കുന്നത്. ഗതാഗത സൗകര്യമൊന്നുമില്ലാത്ത സ്റ്റേഷൻ ഔട്ടറിൽ ആയിരങ്ങളെ ബന്ദിയാക്കിയ റെയിൽവേയുടെ നടപടി കേവലം ഖേദപ്രകടനത്തിൽ ഒതുങ്ങില്ലെന്ന് യാത്രക്കാരുടെ പ്രതിനിധികളായ ശ്രീജിത് കുമാർ, അജാസ് വടക്കേടം എന്നിവർ ആരോപിച്ചു.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഷെഡ്യൂൾ സമയത്തിനും 6 മിനിറ്റ് മുമ്പേ പാലരുവി എത്തിച്ചേർന്നിരുന്നു. കോട്ടയത്ത് നിന്ന് കൃത്യസമയത്ത് പുറപ്പെട്ട പാലരുവി ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്ന് കുറുപ്പന്തറ സ്റ്റേഷനിൽ വീണ്ടും 2 മിനിറ്റ് നേരത്തെ എത്തിയതും ഇന്ന് ഏറെ ശ്രദ്ധേയമായി. ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചപ്പോൾ കോട്ടയത്തെയോ കുറുപ്പന്തറയിലെയോ സമയത്തിൽ മാറ്റം വരുത്തിയിരുന്നില്ല.

ഏറ്റുമാനൂർ സ്റ്റേഷനിലെ സ്റ്റോപ്പ്‌ പാലരുവിയുടെ സമയക്രമത്തെ ബാധിച്ചില്ലെന്ന് മാത്രമല്ല, ഐലൻഡ് പ്ലാറ്റ് ഫോമുള്ള സ്റ്റേഷനുകളിൽ കൂടുതൽ എക്സ്പ്രസ്സ്‌ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിച്ചാൽ സമയനഷ്ടം ഉണ്ടാകില്ലെന്ന വാദം ഇന്നത്തെ പാലരുവിയുടെ റണ്ണിങിലൂടെ ശരിവെയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button