ഏറ്റുമാനൂർ : വർഷങ്ങൾക്ക് ശേഷമാണ് പാർട്ടിക്കൊടികളും മുദ്രാവാക്യങ്ങളുമില്ലാതെ ഏറ്റുമാനൂരിലെ ജനപ്രതിനിധികളുടെ ഒരു സംഗമം നടക്കുന്നത്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ വികസനം പ്രധാന അജണ്ടയായ വിഷയത്തിൽ തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ബി. രാജീവ് സ്വാഗത പ്രസംഗത്തിൽ ആരോപിച്ച അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ചകൾ ഇതുവരെ ആരും തന്റെ ശ്രദ്ധയിൽ പ്പെടുത്തിയില്ലെന്നും നാളെ തന്നെ പരിഹരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്ന് എം. പി അറിയിച്ചു.
പാലരുവിയ്ക്ക് വേണ്ടി എം പി എന്ന നിലയിൽ താൻ നടത്തിയ ശ്രമങ്ങളും അധികാരികളിൽ നിന്നും ലഭിച്ച മറുപടികളും രേഖമൂലം ഉയർത്തി കാണിച്ച യോഗത്തിൽ കൊളോണിയൽ സംസ്കാരമാണ് റെയിൽവേ പിന്തുടരുന്നതെന്ന് തോമസ് ചാഴികാടൻ ആരോപിച്ചു. റെയിൽവേ മാനേജറും ബോർഡും ശുപാർശ ചെയ്ത സ്റ്റോപ്പ് ഇപ്പോഴും ഉത്തരവ് കാത്തുകിടക്കുകയാണ്. തികച്ചും ന്യായവും അർഹതപ്പെട്ടതാണെന്നും ആവർത്തിച്ച എം പി ഇതിന്റെ പിന്നിലെ തടസ്സങ്ങൾ എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന നിസ്സഹായാവസ്ഥയും പങ്കുവെച്ചു. വിമർശനങ്ങളുടെ മുനയൊടിച്ച അദ്ദേഹം ശ്രമം തുടരുമെന്നും നിങ്ങളോടൊപ്പം ഞാനും ഉണ്ടെന്ന ഉറപ്പും നൽകി. ദിശാബോർഡുകൾ സ്ഥാപിക്കാനും ട്രെയിൻ നിർത്തുന്ന 2, 3 പ്ലാറ്റ് ഫോമിൽ കുടിവെള്ളം എത്തിക്കാനുമുള്ള നടപടികൾ ഉടനെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏറ്റുമാനൂരിൽ 66 വർഷമായി വികസനമില്ലെന്ന വാക്കിനെ ഖണ്ഡിച്ച അദ്ദേഹം നീണ്ടൂർ റോഡിന്റെ വടക്കേ അറ്റത്ത് നിന്നും അതിരമ്പുഴ റോഡിലെ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിസ്ഥാപിച്ചത് നേട്ടമായി ഓർമ്മപ്പെടുത്തി.
മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയാക്കിയ കോട്ടയം സ്റ്റേഷനിൽ നിരന്തര പരിശ്രമങ്ങളുടെ ഫലമായി പൂർത്തിയാക്കിയ പിൽഗ്രിം സെന്റർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതായും എം പി അറിയിച്ചു. പ്ലാറ്റ് ഫോമുകളുടെ എണ്ണത്തിൽ തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളെ പിന്നിലാക്കിയ കോട്ടയം സ്റ്റേഷനിൽ നിന്ന് ഈ വർഷം മുതൽ നിരവധി ശബരിമല സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കുന്നുണ്ട്.
മനയ്ക്കപ്പാടത്ത് നിന്നും സ്റ്റേഷനിലേയ്ക്കുള്ള 400 മീറ്ററോളം വരുന്ന പ്രധാനവീഥി റെയിൽവേയുടെ അധീനതയിൽ ആയതിനാൽ വഴിവിളക്ക് സ്ഥാപിക്കാൻ പഞ്ചായത്തിനുള്ള പരിമിതികൾ വിശദീകരിച്ച അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അർഹമായ സ്റ്റോപ്പുകൾ നിഷേധിക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തണമെന്നും നിവേദനങ്ങളിലൂടെ നടന്നില്ലെങ്കിൽ ട്രെയിൻ തടയുന്നതടക്കം ഡൽഹിയിൽ വരെ പ്രകമ്പനം കൊള്ളിക്കുന്ന പ്രതിഷേധ പരിപാടികൾ ഏറ്റുമാനൂരിൽ നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സ്ത്രീ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ അവതരിപ്പിച്ച് വേദിയിലെത്തിയ നഗരസഭാ കൗൺസിലർ ഉഷാ സുരേഷ് ഏറ്റുമാനൂർ സ്റ്റേഷനിലെ പാലരുവിയുടെ സ്റ്റോപ്പുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ രാധാകൃഷ്ണൻ നടത്തിയ ശ്രമങ്ങളെ സദസ്സിന് തുറന്നുകാട്ടി. വ്യാപാരി വ്യവസായി ഭാരവാഹികൾ, കിടങ്ങൂർ, കടപ്ലാമാറ്റം, കണക്കാരി, നീണ്ടൂർ പഞ്ചായത്തിലെ പ്രതിനിധികളും ഏറ്റുമാനൂർ നഗരസഭയിലെ കൗൺസിലറുമാരും പ്രാദേശിക നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു. ഏറ്റുമാനൂർ പാസഞ്ചേഴ്‌സിനെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം സംസാരിച്ചു.
പാലരുവിയ്ക്കായി ഇതുവരെ നടത്തിയ ശ്രമങ്ങളും നൽകിയ നിവേദനങ്ങളും പ്രതികരണങ്ങളും പത്ര വാർത്തകളും പ്രതിഷേധ പ്രകടനങ്ങളും അടങ്ങുന്ന ഫോട്ടോ ഗ്യാലറി പാസഞ്ചർ അസോസിയേഷൻ പ്രവേശനം കാവടത്തിൽ ഒരുക്കിയിരുന്നു. സ്റ്റോപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ഇടപെടൽ നടത്തുമെന്നും നിവേദനങ്ങളുമായി മുമ്പോട്ട് പോകുമെന്നും ഫോറം ഭാരവാഹികൾ അറിയിച്ചു.