കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അന്വേഷണസംഘം ചോദ്യംചെയ്തു. എറണാകുളം എ.സി.പി.യുടെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. വിവാദ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഡിജിറ്റൽ വീഡിയോ റെക്കോഡർ (ഡി.വി.ആർ.) റോയി പോലീസിന് കൈമാറി. ദൃശ്യങ്ങളുടെ പരിശോധന പോലീസ് ആരംഭിച്ചു.
നിശാപ്പാർട്ടിനടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആർ. മാറ്റിയിരുന്നു. ഇതിൽ ഒന്നുമാത്രമാണ് ഹാജാരാക്കിയിട്ടുള്ളത്. രണ്ടാമത്തേതും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡി കാറിന്റെ ഡ്രൈവർ സൈജുവിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം റോയിയെ സൈജു വിളിച്ചതായി കണ്ടെത്തി. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നുമാണ് സൈജുവിന്റെ മൊഴി.
ഇത്രദിവസം റോയി ചോദ്യംചെയ്യലിന് ഹാജാരാകാതിരുന്നത് ഡി.വി.ആറിൽ എന്തെങ്കിലും തിരിമറിനടത്താനാണോ എന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഡി.വി.ആർ. സൈബർ ഫൊറൻസിക് പരിശോധനയ്ക്കയക്കും. സിനിമാമേഖലയിലെ ചില പ്രമുഖർ ഈ ഹോട്ടലിൽ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാർട്ടിയിൽവെച്ച് ഇവർ തർക്കത്തിലേർപ്പെട്ടതായാണ് കരുതുന്നത്. തുടർന്ന് പിണങ്ങിപ്പോയ സംഘവുമായുള്ള പ്രശ്നം പറഞ്ഞുതീർക്കാനാണ് ഹോട്ടലുടമയുടെ നിർദേശപ്രകാരം ഓഡി കാർ പിന്തുടർന്നതെന്നാണ് സംശയം. മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചു. കാർ ഓടിച്ചിരുന്ന റഹ്മാൻ മാത്രമാണ് രക്ഷപ്പെട്ടത്.
സി.സി.ടി.വി. ദൃശ്യങ്ങളുള്ള ഡി.വി.ആർ. മാറ്റിയത് എക്സൈസിനെ ഭയന്നിട്ടാണെന്നാണ് നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന്റെ മൊഴി. അതേസമയം ഹോട്ടലിന് പുറത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. രാത്രി വൈകിയും മദ്യം വിളമ്പിയതിന് ഹോട്ടലിന്റെ ബാർ ലൈസൻസ് നവംബർ രണ്ടിന് എക്സൈസ് കമ്മിഷണർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപുറമേ മറ്റൊരു കേസുകൂടിവന്നാൽ ലൈൻസൻസ് പൂർണമായി നഷ്ടമാകുമെന്ന് ഭയന്നാണ് ഡി.വി.ആർ. മാറ്റിയതെന്നാണ് മൊഴിനൽകിയത്. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡി കാറിലെ ഡ്രൈവർ സൈജു സുഹൃത്താണെന്നും അപകടംനടന്ന വിവരം ഇയാൾ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നെന്നും റോയി പോലീസിനെ അറിയിച്ചു.
വാഹനാപകടം നടക്കുന്നതിന് ഒരാഴ്ചമുമ്പ് ഹോട്ടലിൽ റേവ് പാർട്ടി നടന്നതായി വിവരമുണ്ട്. ഫാഷൻ രംഗത്തുള്ള പ്രമുഖ കൊറിയോഗ്രാഫറാണിത് സംഘടിപ്പിച്ചത്. ദുബായിൽനിന്ന് ഇയാൾ സിന്തറ്റിക് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചെന്നാണ് വിവരം.അപകടം സംബന്ധിച്ച അന്വേഷണം സിനിമാ മേഖലയിലേക്ക് എത്തിയതോടെ അന്വേഷണത്തിന് ബ്രേക്കിട്ട് പോലീസ്. നിലവിലെ അന്വേഷണം കൃത്യമായി മുന്നോട്ടുപോയാൽ സിനിമാരംഗത്തുള്ളവരെ ചോദ്യംചെയ്യേണ്ടിവരും. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ സിനിമാരംഗത്തുള്ളവർ അടക്കം പങ്കെടുത്ത റേവ് പാർട്ടി (ലഹരിപ്പാർട്ടി) നടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, ഇതിലേക്ക് അന്വേഷണം പോകാതിരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽനിന്നുതന്നെ സമ്മർദമുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാൽ മതിയെന്നാണ് നിർദേശം. ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിൽ എത്താറുണ്ട്. അന്വേഷണം നീണ്ടാൽ ഇവർക്കും കുരുക്കാകും.