24.5 C
Kottayam
Sunday, May 19, 2024

പാലാരിവട്ടം പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

Must read

കൊച്ചി: പാലാരിവട്ടം പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നല്‍കിയത്. പാലം തുറന്ന് കൊടുക്കുന്നതിന് മുന്‍പായി മന്ത്രി ജി സുധാകരന്‍ പാലം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറന്ന് നല്‍കിയത്.

‘പാലാരിവട്ടം പാലത്തിലുണ്ടായ അഴിമതി ഇനി കേരളത്തിലുണ്ടാകരുത്. അഴിമതി പുറത്ത് വന്നതിന് പിന്നാലെ മൂന്ന് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ആദ്യത്തേത് പാലം അടയ്ക്കാനായിരുന്നു. രണ്ടാമത്തേത് മദ്രാസ് ഐഐടിയിലെ വിദഗ്ധ സംഘത്തെ പരിശോധനയ്ക്ക് നിയോഗിക്കുകയായിരുന്നു. മൂന്നാമത്തേത് വിജിലന്‍സ് അന്വേഷണത്തിലുള്ള ഉത്തരവായിരുന്നു. മൂന്നും നടന്നു. പിന്നീട് പാലം പൊളിച്ച് പണിയാന്‍ വിദഗ്ധോപദേശം ലഭിച്ചതോടെ ഇ.ശ്രീധരന് ചുമതല നല്‍കുകയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കുകയും ചെയ്തു’- മന്ത്രി പറഞ്ഞു.

അഞ്ച് മാസം കൊണ്ടാണ് പാലം പൊളിച്ചു പണിതത്. എട്ട് മാസത്തെ സമയപരിധി നിലനില്‍ക്കെയാണ് ചുരുങ്ങിയ സമയം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കിയത്. നൂറ് വര്‍ഷത്തെ ഉറപ്പാണ് പാലത്തിന് അധികൃതര്‍ നല്‍കുന്ന ഉറപ്പ്.

2016 ഒക്ടോബര്‍ 12 ന് പാലാരിവട്ടം പാലം യാഥാര്‍ത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തില്‍ കേടുപാടുകള്‍ കണ്ടെത്തി. പിയര്‍ ക്യാപ്പുകളിലും വിള്ളല്‍ സംഭവിച്ചതോടെ 2019 മെയ് 1 ന് പാലം അറ്റകുറ്റപണിക്കായി അടച്ചു. പിന്നീട് പാലാരിവട്ടം പാലം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വിവാദങ്ങള്‍ക്കും രാഷ്ട്രീയ കോലാഹലങ്ങള്‍ക്കുമാണ്. കേരളത്തിന്റെ പഞ്ചവടിപാലമായി മാറിയ പാലം വീണ്ടും തുറക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണെന്നതും ശ്രദ്ധേയം.

പാലത്തിന്റെ അവാസന മിനുക്ക് പണികള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. പാലാരിവട്ടത്തെ ആദ്യ പാലം നിര്‍മ്മിക്കാന്‍ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കില്‍ വെറും 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് പാലം പുനര്‍ നിര്‍മ്മിച്ചത്. ഉദ്ഘാടനമില്ലെങ്കിലും മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ആദ്യ ദിവസത്തെ യാത്രയില്‍ പങ്കാളികളാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week