ആര്‍.എസ്.എസ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; അന്വേഷണം എട്ട് സംഘങ്ങളായി തിരിഞ്ഞ്

പാലക്കാട്: പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്. പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നതായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. എട്ട് സംഘങ്ങളായാണ് കൊലപാതകം അന്വേഷിക്കുന്നത്. അക്രമിസംഘത്തിന്റെ കാര്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് രാവിലെ 9 മണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പി ആരോപണം. സഞ്ജിതിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലമ്പുഴ നിയോജക മണ്ഡലത്തില്‍ രണ്ടുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

എസ്.ഡി.പി.ഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എസ്.ഡി.പിഐയുമായുള്ള സി.പി.ഐഎമ്മിന്റെ ചങ്ങാത്തം വെച്ചുപൊറുപ്പിക്കാനാകില്ല. എസ്.ഡി.പി.ഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബി.ജെ.പി അതേ നാണയത്തില്‍ പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക സ്ഥലം കണ്ട വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടാണ് കുഴഞ്ഞ് വീണത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News