പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സി.സി.ടി.വി ദൃശ്യം പുറത്ത്

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്‍ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃതംയ നടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തില്‍ കാണാം.

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുന്‍പാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ എന്ന് ബിജെപി ആരോപിച്ചു.

ഇന്നുച്ചയ്ക്ക് ഒരു മണിയോടെ രണ്ട് ബൈക്കുകളിലും ഒരു സ്‌കൂട്ടറിലുമായി എത്തിയ അക്രമിസംഘം, ശ്രീനിവാസന്റെ എസ്‌കെഎസ് ഓട്ടോഴ്സ് എന്ന കടയില്‍ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പ്രദേശവാസികളാണ് ശ്രീനിവാസനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. പോലീസ് എസ്ഡിപിഐക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കി കൊടുക്കുകയാണെന്നും ബിജെപി നേതാക്കള്‍ പറയുന്നു. പ്രതികളുടെ വാഹനങ്ങളുടെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്ന് ഇന്‍ക്വിസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റും. നാളെയാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News