ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടിച്ചു, ശരീരത്തിൽ 80-ലധികം പാടുകൾ, വാരിയെല്ല് തകർന്നു; പാലക്കാട് നടന്നത് ക്രൂരകൊലപാതകം

ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടിച്ചു, ശരീരത്തിൽ 80-ലധികം പാടുകൾ, വാരിയെല്ല് തകർന്നു; ക്രൂരകൊലപാതകം

പാലക്കാട്: സ്റ്റേഡിയം ബൈപ്പാസില്‍ ഗുരുതരപരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്നത് എണ്‍പതിലധികം മര്‍ദനമേറ്റ പാടുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് തകര്‍ന്ന നിലയിലായിരുന്നു. നട്ടെല്ലിനു പൊട്ടലുണ്ടായിരുന്നു. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിച്ചതും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതുമാണ് മരണത്തിനിടയാക്കിയത്. കേസിലെ പ്രതി വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബ്ബയ്യനെ (44) പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് സ്ത്രീയെ സ്റ്റേഡിയം ബൈപ്പാസ് റോഡരികില്‍ ഐഎംഎ ജങ്ഷനുസമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തന്റെ ഭാര്യയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിലെത്തിക്കണമെന്നും സമീപത്തെ കച്ചവടക്കാരോട് സുബ്ബയ്യന്‍ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.

സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ സുബ്ബയ്യനോടൊപ്പം നാട്ടുകാരില്‍ ചിലരും ഓട്ടോറിക്ഷയില്‍ കയറി. ഈ സമയം സ്ത്രീ അബോധാവസ്ഥയിലായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. നാട്ടുകാര്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ സുബ്ബയ്യന് ആശുപത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല.

തുടര്‍ന്ന് സൗത്ത് പോലീസെത്തി നടത്തിയ ചോദ്യംചെയ്യലില്‍ സുബ്ബയ്യന്‍ ഇവരുടെ പേരുവിവരങ്ങള്‍ തെറ്റായി പറയുകയും പരസ്പരബന്ധമില്ലാതെ സംസാരിക്കുകയും ചെയ്തതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയുടെ പേരില്‍ ഗാര്‍ഹികപീഡനത്തിന് മുമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. വണ്ടിത്താവളം സ്വദേശിയായ ഇയാള്‍ ഏറെനാളായി പാലക്കാട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News