പാലക്കാട്: കൊടും ചൂടിന് ആശ്വാസമായി പാലക്കാട് മഴയ്ക്കും ശക്തമായ കാറ്റിനുമൊപ്പം ആലിപ്പഴവും. ശരാശരി 41 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പൊള്ളുന്ന പാലക്കാട്ടുക്കാര്‍ക്ക് ഇത് വലിയ ആശ്വാസകരമായിമാറി. അരമണിക്കൂറോളം നീണ്ടു നിന്ന മഴയില്‍ നഗരത്തിലെ പലയിടത്തും ആലിപ്പഴം വീണു.
ആലിപ്പഴം വീണ സാഹചര്യത്തില്‍ അതിന് തക്കതായ കാരണങ്ങളുമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. മഴയായി രൂപപ്പെടേണ്ട ജല കണികകള്‍ തന്നെ ശക്തമായ കാറ്റില്‍ ഉയര്‍ന്ന് കൂടുതല്‍ മുകളിലേക്ക് പോകുമ്പോഴാണ് അവ തണുത്തുറഞ്ഞ് മഞ്ഞു കട്ടകളായി മാറുന്നത്.
ഒരേ സമയം തണുത്തതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷം പെട്ടന്ന് രൂപപ്പെടുമ്പോഴാണ് ആലിപ്പഴം സംഭവിക്കുന്നത്. ശക്തമായ കാറ്റിന് നീരാവിയെ 40,000 അടിയോളം ഉയരത്തിലെത്തിക്കാന്‍ ആകുമെന്നാണ് ശാസ്ത്ര നിഗമനം. നീരാവി തണുത്തുറഞ്ഞ് ഐസ് രൂപമായി മാറുന്നതാണ് ആലിപ്പഴം. ആലിപ്പഴത്തിന്റെ ഭാരം കാറ്റിന് താങ്ങാന്‍ ആകാതെ വരുന്നതോടെ അവ കൂട്ടത്തോടെ ഭൂമിയിലേക്ക് പതിക്കുന്നു.