കോട്ടയം: മാണി ഗ്രൂപ്പിന്‍റെ ഭരണകാലത്ത് ഉദ്ഘാടനം ചെയ്ത ശ്മശാനം പ്രവര്‍ത്തിക്കാത്തതിന് പരസ്യമായി നാട്ടുകാരോട് മാപ്പു പറഞ്ഞ് പാലാ നഗരസഭയിലെ സിപിഎം ചെയര്‍പേഴ്സണ്‍ ജോസിൻ ബിനോ. ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പിലെ വിവാദത്തിനു പിന്നാലെയാണ് കേരള കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയുളള സിപിഎം നീക്കം. ചെയര്‍പേഴ്സൺ ഇടതു മുന്നണിയോട് മാപ്പു പറയണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് പാലാ നഗരസഭയിലെ പുതിയ ശ്മശാനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തത്. അന്ന് നഗരസഭയുടെ ഭരണം കേരള കോണ്‍ഗ്രസ് എം നായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്ത ശ്മശാനത്തില്‍ വൈദ്യുതി കണക്ഷന്‍ പോലും ഉണ്ടായിരുന്നില്ല.
ഉദ്ഘാടനത്തിനപ്പുറം ശ്മശാനം പ്രവര്‍ത്തിച്ചുമില്ല. തുടർന്ന് നാട്ടുകാരുടെ പരാതി ശക്തമായി. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം വിഷയം ശക്തമായി ഉയര്‍ത്തി. കിട്ടിയ അവസരം മാണി ഗ്രൂപ്പിനെയും ജോസ് കെ മാണിയെയും കൊട്ടാന്‍ കിട്ടിയ നന്നായി വിനിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍ നഗര ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം പ്രതിനിധികള്‍.
ശ്മശാനത്തിന്റെ പേരില്‍ മുന്‍ ഭരണസമിതികളെ കബളിപ്പിച്ചതിന് സിപിഎം ചെയര്‍പേഴ്സണ്‍ പരസ്യമായി മാപ്പു പറഞ്ഞു. എല്‍ഡിഎഫിനു വേണ്ടിയും ജോസ് കെ മാണിക്കും വേണ്ടിയുമായിരുന്നു സിപിഎം നേതാവിന്‍റെ മാപ്പ്.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മാപ്പും. ജോസ് കെ മാണിയുടെ പേരില്‍ മാപ്പു പറയാന്‍ ചെയര്‍പേഴ്സണ് അര്‍ഹതയില്ലെന്നും രണ്ടോ മൂന്നോ കൗണ്‍സിലര്‍മാരെ തൃപ്തിപ്പെടുത്താനുളള നാടകം ജനം തിരിച്ചറിയുമെന്നും കേരള കോണ്‍ഗ്രസ് മറുപടി പറഞ്ഞതോടെ പാലാ പ്രതിസന്ധി ഇടതുമുന്നണിയില്‍ രൂക്ഷമാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.