ബെംഗളൂരു: കാമുകനെ വിവാഹം ചെയ്യാൻ അനധികൃതമായി ഇന്ത്യയിലെത്തിയ പത്തൊൻപതുകാരിയായ പാക്കിസ്ഥാനി യുവതി അറസ്റ്റിൽ. പേരും മറ്റു വിവരങ്ങളും മറച്ചുവച്ചാണ് ഇവർ ബെംഗളൂരുവിൽ താമസിച്ചതെന്നു പൊലീസ് അറിയിച്ചു. ഇഖ്‌റ ജീവാനി എന്ന യുവതിയാണ് പിടിയിലായത്.പെൺകുട്ടിയെ ഇന്ത്യയിലെത്തിച്ച ഉത്തർപ്രദേശ് സ്വദേശി മുലായം സിങ് യാദവ് എന്ന യുവാവും അറസ്റ്റിലായി. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് കാമുകിയെ നേപ്പാൾ വഴി ഇന്ത്യയിലേക്ക് രേഖകളില്ലാതെ കൊണ്ടുവരികയായിരുന്നു.
ഏതാനും മാസം മുൻപാണു മുലായം പെൺകുട്ടിയെ നേപ്പാളിലേക്ക് കൊണ്ടുവന്നതും അവിടെവച്ച് വിവാഹിതരായതും. ഇന്ത്യ-നേപ്പാൾ അതിർത്തി കടന്നാണ് ദമ്പതികൾ ബിഹാറിലെ ബിർഗഞ്ചിൽ എത്തിയത്. തുടർന്ന് ഇരുവരും ബെംഗളൂരുവിലെത്തി. 2022 മുതൽ മുലായം സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ്.
ജുന്നസാന്ദ്രയിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിലാണ് ഇരുവരും താമസിച്ചത്. റാവ യാദവ് എന്ന് പേരുമാറ്റി ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിച്ച ശേഷം മുലായം, ഇഖ്‌റയ്ക്ക് വ്യാജ ആധാർ കാർഡ് എടുത്തുകൊടുത്തു. പാക്കിസ്ഥാനിലുള്ള കുടുംബാംഗങ്ങളെ ഇഖ്റ ബന്ധപ്പെടാൻ ശ്രമിക്കുന്നത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മുലായത്തെയും ഇഖ്റയെയും അറസ്റ്റ് ചെയ്യുന്നതിനുമുൻപ് പൊലീസ് വിശദാംശങ്ങൾ പരിശോധിച്ചു. പിന്നീട് ഇഖ്‌റയെ എഫ്‌ആർആർഒ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശേഷം സ്‌റ്റേറ്റ് ഹോമിലേക്ക് റിമാൻഡ് ചെയ്തു. ചാരവൃത്തി സംഘത്തിന്റെ ഭാഗമാണോ എന്നറിയാൻ ഇഖ്‌റയുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുന്നുണ്ട്.