ചെന്നൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വേദികള്‍ സംബന്ധിച്ച് ബിസിസിഐ, ഐസിസിക്ക് നല്‍കിയ കരട് മത്സരക്രമത്തില്‍ പാക്കിസ്ഥാന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ കളിക്കാനില്ലെന്ന് നേരത്തെ നിലപാടെടുത്ത പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ചെന്നൈ വേദിയായി നിശ്ചയിച്ചതിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതുപോലെ ഓസ്ട്രേലിയ-പാക്കിസ്ഥാന്‍ മത്സരത്തിന് ബംഗലൂരു ആണ് വേദിയാവുന്നത്. ഈ രണ്ട് മത്സരങ്ങളുടെയും വേദികള്‍ പരസ്പരം മാറ്റണമെന്നാണ് പാക്കിസ്ഥാന്‍റെ പുതിയ ആവശ്യം. പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചാണ് ചെന്നൈ ചെപ്പോക്കിലേത്. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, പുതിയ സ്പിന്‍ സെന്‍സേഷനായ നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരെ നേരിടുക എന്നത് പാക്കിസ്ഥാന് കനത്ത വെല്ലുവിളായവുമെന്നാണ് കരുതുന്നത്. ഇതിനാലാണ് വേദികള്‍ മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുന്നത് എന്നാണ് സൂചന.
ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ബാറ്റിംഗ് പറുദിസയില്‍ ഓസ്ട്രേലിയയെ നേരിടുകയെന്നതും പാക്കിസ്ഥാന് വെല്ലുവിളിയാണ്. ഇതിന് പരിഹാരമായി പാക്കിസ്ഥാന്‍-ഓസ്ട്രേലിയ മത്സരം ചെന്നൈയിലേക്കും അഫ്ഗാനിസ്താന്‍-പാക്കിസ്ഥാന്‍ മത്സരം ബംഗലൂരുവിലേക്കും മാറ്റണമെന്നാണ് പാക്കിസ്ഥാന്‍റെ ആവശ്യം എന്നാണ് സൂചന. ടീമിന്‍റെ കരുത്തിന് അനുസരിച്ചുള്ള വേദികള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കണമെന്ന് സെലക്ടര്‍മാര്‍ ടീം മാനേജ്മെന്‍റിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളുടെ പേര് പറഞ്ഞ് 2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിലെ പാക്കിസ്ഥാന്‍റെ മത്സരവേദികള്‍ ഇത്തരത്തില്‍ മാറ്റിയിരുന്ന കാര്യവും പാക് ക്രിക്കറ്റ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ മതിയായ കാരണങ്ങളില്ലാതെ ടീമുകളഉടെ ശക്തിക്ക് അനുസരിച്ച് വേദികള്‍ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചാല്‍ ലോകകപ്പ് മത്സരക്രമം പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് ഐസിസിയുടെ നിലപാട്.
ചെന്നൈക്കും ബെംഗലൂരുവിനും പുറമെ ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന്‍ കളിക്കുക. ബിസിസിഐ നല്‍കിയ കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം.
എന്നാല്‍ അഹമ്മദാബാദില്‍ നോക്കൗട്ട് മത്സരങ്ങളൊഴികെ ഒന്നും കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ ആദ്യം നിലപാടെടുത്തിരുന്നെങ്കിലും ഏഷ്യാ കപ്പില്‍ ബൈബ്രിഡ് മോഡലില്‍ കളിക്കാന്‍ തയാറാണെന്ന് ബിസിസിഐ അറിയിച്ചതോടെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.