ഇസ്രായേലിനെ ‘കാൻസർ’ എന്ന് വിളിച്ച് പാക് പ്രതിരോധ മന്ത്രി; മറുപടിയുമായി നെതന്യാഹു

ഇസ്രയേലിനെ കാൻസറെന്ന് വിശേഷിപ്പിച്ച് പാക് മന്ത്രി; സഹിക്കാവുന്ന പ്രസ്താവനയല്ലെന്ന് നെതന്യാഹു

ഇസ്ലാമാബാദ്: ലെബനനിലെ ഇസ്രായേൽ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇസ്രായേലിനെ ‘കാൻസർ’ എന്നും ‘മനുഷ്യരാശിക്ക് ശാപം’ എന്നും വിശേഷിപ്പിച്ച അദ്ദേഹം, ഗാസയ്ക്കും ഇറാനും പിന്നാലെ ലെബനനിലും ഇസ്രായേൽ വംശഹത്യ തുടരുകയാണെന്നും വിമ‍ർശിച്ചു. പലസ്തീൻ മണ്ണിൽ ഈ കാൻസ‍ർ രാജ്യം സ്ഥാപിച്ചവർ നരകത്തിൽ വെന്തുനീറട്ടെ എന്നും അദ്ദേഹം എക്സിൽ കുറിച്ചു. പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.

ഖവാജയുടെ പരാമ‍ർശങ്ങൾക്കെതിരേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വിദേശകാര്യ മന്ത്രി ഗിദിയോൺ സാറും രംഗത്തെത്തി. പാക് മന്ത്രിയുടെ പ്രസ്താവന പ്രകോപനപരവും വംശീയവുമാണെന്നും ഒരു സർക്കാരും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാൻ പാടില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി.

യു.എസ്-ഇറാൻ വെടിനിർത്തൽ നിലനിൽക്കേ ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളാണ് പുതിയ തർക്കങ്ങൾക്ക് കാരണം. ഇറാൻ-യു.എസ്. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, വെടിനിർത്തൽ ലെബനൻ ഉൾപ്പെടെ എല്ലായിടത്തും ബാധകമാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് തള്ളിയ നെതന്യാഹുവും ഡൊണാൾഡ് ട്രംപ് ഭരണകൂടവും, ലെബനൻ കരാറിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി. ഈ തർക്കങ്ങൾക്കിടയിലാണ് ഇസ്രയേലിനെ രൂക്ഷമായി പരിഹസിച്ച് പാക് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.

‘ഇസ്രായേൽ ഉന്മൂലനം ചെയ്യണമെന്ന പാകിസ്താൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അതിരുകടന്നതാണ്. ഒരു സർക്കാരിൽ നിന്നും, പ്രത്യേകിച്ച് സമാധാനത്തിനായുള്ള നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിൽ നിന്നും, സഹിക്കാവുന്ന ഒരു പ്രസ്താവനയല്ല ഇത്’ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ലാത്ത പാകിസ്താനും ഇസ്രയേലും തമ്മിൽ ഇത്തരമൊരു നേരിട്ടുള്ള ഏറ്റുമുട്ടൽ ഉണ്ടാകുന്നത് അപൂർവമാണ്.

അതേസമയം, ലെബനനിലെ സൈനിക നീക്കം ഇസ്രായേൽ നിർത്തിവെച്ചില്ലെങ്കിൽ ഇസ്ലാമാബാദിൽ ശനിയാഴ്ച നടക്കേണ്ട സമാധാന ചർച്ചകളിൽനിന്ന് പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary

Pakistan’s Defense Minister Khawaja Asif sparked a major diplomatic row by calling Israel a “cancer” and a “curse on humanity” in a social media post criticizing its military actions in Lebanon. Asif accused Israel of continuing genocide in Lebanon, similar to its actions in Gaza and Iran, and added that those who established the state on Palestinian soil would “rot in hell.” Although the post was later deleted, Israeli Prime Minister Benjamin Netanyahu and Foreign Minister Gideon Sa’ar condemned the remarks as provocative and racist, stating that no government official should employ such inflammatory language.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News