ജനീവ: ഈ വര്‍ഷമാദ്യം ഇന്ത്യയുമായുണ്ടായ സൈനിക സംഘര്‍ഷത്തിനിടെ ഏഴ് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയതായി അവകാശപ്പെട്ട് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യന്‍ വിമാനങ്ങളെ നശിപ്പിച്ച പൈലറ്റുമാരെ 'പ്രാപ്പിടിയന്മാര്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പാക് വ്യോമസേനയെ ഷെരീഫ് പ്രശംസിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭ(യുഎന്‍)യുടെ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു ഷെരീഫ്.
“ഈ വര്‍ഷം മേയില്‍, എന്റെ രാജ്യത്തിന് കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്ന് പ്രകോപനമില്ലാതെ ആക്രമണം നേരിടേണ്ടിവന്നു. ഞങ്ങളുടെ പ്രതികരണം പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. ഞങ്ങള്‍ അവരെ അപമാനിച്ച് തിരിച്ചയച്ചു”, ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. അഞ്ച് ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്താന്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെ പിന്തുണയ്ക്കുന്നതിന് പാകിസ്താന്‍ തെളിവുകളൊന്നും നല്‍കിയിരുന്നില്ല. പാകിസ്താന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളിക്കളയും ചെയ്തിരുന്നു.
നേരത്തെ, ഷെരീഫ് പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിനൊപ്പം വൈറ്റ് ഹൗസില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ സഹകരണം, മറ്റ് വിഷയങ്ങള്‍ എന്നിവ അവര്‍ ചര്‍ച്ച ചെയ്തു.
ആറ് വര്‍ഷത്തിനിടെ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന ആദ്യത്തെ പാക് പ്രധാനമന്ത്രിയാണ് ഷെരീഫ്. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുകയാണ് ട്രംപ് എന്ന് ഷെരീഫ് പ്രശംസിച്ചു. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതില്‍ ട്രംപിന്റെ 'ധീരവും നിര്‍ണ്ണായകവുമായ' നേതൃത്വമാണ് അവസരമൊരുക്കിയതെന്ന് ഷെരീഫ് പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി 2025 മേയ് 7-ന് ഇന്ത്യ ആരംഭിച്ച സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയുടെ പ്രതികരണം സാധാരണക്കാരെയും സൈനിക ലക്ഷ്യങ്ങളെയും ഒഴിവാക്കി ഭീകരകേന്ദ്രങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു. വെടിനിര്‍ത്തലിനായി പാകിസ്താന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യന്‍ സൈനിക മേധാവിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഇന്ത്യ വെടിനിര്‍ത്തലിന് സമ്മതിച്ചത്.


