ഇസ്ലാമാബാദ്: അടുത്തയാഴ്ച ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താൻ. പാകിസ്താൻ സർക്കാരാണ് ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാകിസ്താൻ സർക്കാർ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2026 ഐസിസി ടി20 ലോകകപ്പിൽ കളിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിന് പാക് സർക്കാർ അനുമതി നൽകുന്നുവെന്നും പക്ഷേ ഫെബ്രുവരി 15-ന് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ടീം കളിക്കാനിറങ്ങില്ലെന്നുമാണ് പോസ്റ്റിൽ പറയുന്നത്.
ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥ്യം വഹിക്കുന്ന ലോകകപ്പിൽ പാകിസ്താന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടത്തപ്പെടുന്നത്. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ – പാക് ഗ്രൂപ്പ് മത്സരം. ലോകകപ്പിലെ മറ്റ് മത്സരങ്ങളിൽ കളിക്കുമെന്നാണ് പാകിസ്താൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എന്നാൽ നോക്കൗട്ട് ഘട്ടങ്ങളിൽ ഇന്ത്യയ്‌ക്കെതിരേ മത്സരം വന്നാൽ എന്തുചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ പാകിസ്താൻ നേരത്തേ തേടിയിരുന്നു. ഐസിസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ത്യയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്താന്റെ തീരുമാനമെന്നാണ് വിവരം.
ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യർഥന അംഗീകരിക്കാത്തതും അതുവഴി ബംഗ്ലാദേശിന് ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിയ നീക്കം. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ നടത്തിയ ബഹിഷ്‌കരണ ഭീഷണിക്കെതിരേ ഐസിസി കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയതും പാകിസ്താനെ അസ്വസ്ഥരാക്കിയിരുന്നു.
The Pakistan government has announced that its national cricket team will boycott the highly anticipated match against India in the upcoming ICC T20 World Cup. While the government has granted permission for the team to participate in the tournament, it explicitly stated that Pakistan will not take the field for the match scheduled against India on February 15. This official stance was shared via the Pakistan government’s X (formerly Twitter) handle and reported by India Today


