ഇസ്ലാമാബാദ്: സാമൂഹ്യമാധ്യമമായ എക്സ് നിരോധിച്ച് പാകിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് എക്സ് നിരോധനമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബുധനാഴ്ചയാണ് ഓദ്യോഗിക പ്രഖ്യാപനമുണ്ടായത്.
ഫെബ്രുവരി പകുതിമുതൽ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന പരാതി ഉപയോക്താക്കളിൽനിന്ന് ഉയർന്നിരുന്നു. എന്നാൽ, ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നടപടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്.
പാകിസ്താനിലെ നിയമങ്ങൾ പാലിക്കുന്നതിലും സാമൂഹ്യമാധ്യമത്തിന്റെ ദുരുപയോഗം തടയുന്നതിലും എക്സ് പരാജയപ്പെട്ടു. അതിനാൽ, എക്സ് നിരോധിക്കാൻ തങ്ങൾ നിർബന്ധിതരായെന്നാണ് സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്.
അതേസമയം, എക്സ് ഒരാഴ്ചയ്ക്കുള്ളിൽ പുനഃസ്ഥാപിക്കണമെന്ന് പാക് ഹൈക്കോടതി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഒരാഴ്ച സമയം കോടതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ, വിഷയത്തില്‍ കോടതി തങ്ങളുടെ തീരുമാനം വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.