30.6 C
Kottayam
Tuesday, April 30, 2024

മരിച്ചയാളെ വീൽചെയറിൽ കൊണ്ടുവന്ന് ബാങ്കിൽനിന്ന് വായ്പയെടുക്കാൻ ശ്രമം; യുവതി പിടിയിൽ

Must read

റിയോ ഡി ജനൈറോ: മരിച്ചയാളുമായി ബാങ്കിലെത്തി വായ്പയെടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനൈറോയിലാണ് സംഭവം. എറിക ഡിസൂസ വിയേര എന്ന യുവതിയാണ് 68-കാരനായ പൗലോ റോബര്‍ട്ടോ ബ്രാഗ എന്നയാളുടെ മൃതദേഹം വീല്‍ചെയറിലിരുത്തി ബാങ്കിലെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പേരില്‍ 17,000 ബ്രസീലിയന്‍ റിയാല്‍ (ഏകദേശം 2.69 ലക്ഷം രൂപ) വായ്പയെടുക്കാനായിരുന്നു ശ്രമം.

പൗലോ റോബര്‍ട്ടോയുടെ ബന്ധുവാണെന്നും പരിചാരകയാണെന്നും അവകാശപ്പെട്ടാണ് യുവതി ബാങ്കിലെത്തിയത്. പൗലോ വീല്‍ചെയറിലായിരുന്നു. തുടര്‍ന്ന് ബാങ്കിലെ നടപടിക്രമങ്ങളനുസരിച്ച് പൗലോ ഒപ്പിടേണ്ട ഘട്ടമെത്തിയപ്പോഴാണ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. വീല്‍ചെയറിയിലിരിക്കുന്ന വയോധികന്‍ പിറകിലോട്ട് ചാഞ്ഞിരിക്കുന്നതും പിന്നീട് യുവതി തലയില്‍ താങ്ങിപ്പിടിക്കുന്നതും കണ്ടതോടെ സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും മെഡിക്കല്‍സംഘം പരിശോധന നടത്തുകയും ചെയ്തതോടെയാണ് വയോധികന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ചിരുന്നതായി സ്ഥിരീകരിച്ചത്.

വയോധികന്റെ മരണം സംഭവിച്ചെന്ന് ബോധ്യമായിട്ടും ഇദ്ദേഹത്തിന്റെ പേരില്‍ വായ്പയെടുത്ത് പണം കൈക്കലാക്കാനാണ് യുവതി ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വീല്‍ചെയറില്‍ വയോധികന്റെ മൃതദേഹവുമായെത്തി യുവതി രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പിറകിലോട്ട് തല ചാഞ്ഞിരിക്കുന്ന വയോധികനെ തലയില്‍ താങ്ങി മുന്നോട്ടിരുത്തുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. തുടര്‍ന്ന് വയോധികന്റെ കൈയില്‍ പേന നല്‍കി ഒപ്പിടാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘എനിക്ക് തലവേദനയുണ്ടാക്കാതെ ഇവിടെ ഒപ്പിടൂ’ എന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ഇതോടെ സംശയം തോന്നിയ ബാങ്ക് ജീവനക്കാരന്‍ ഇത് നിയമപരമായ നടപടിയല്ലെന്നും അദ്ദേഹത്തെ കണ്ടിട്ട് സുഖമില്ലെന്ന് തോന്നുന്നതായും യുവതിയോട് പറഞ്ഞു. എന്നാല്‍, ‘അദ്ദേഹം ഇങ്ങനെയാണ്’ എന്നാണ് യുവതി മറുപടി നല്‍കിയത്.

സുഖമില്ലെങ്കില്‍ താന്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും ഇനിയും ആശുപത്രിയിലേക്കുതന്നെ തിരികെപോകണോ എന്നും യുവതി ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം, തട്ടിപ്പില്‍ യുവതിക്ക് പുറമേ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week