കറാച്ചി: അധ്യാപകരുടെ വസ്ത്ര ധാരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്ഥാന്‍. പുരുഷ അധ്യാപകര്‍ ജീന്‍സും ടി-ഷര്‍ട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകര്‍ ജീന്‍സും ടൈറ്റ്സും ധരിക്കരുതെന്നുമാണ് വിലക്ക്. പാകിസ്താന്റെ ഫെഡറല്‍ ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഉത്തരവ് അതത് സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അയച്ചു കഴിഞ്ഞു. അധ്യാപകര്‍ വ്യക്തി ശുചിത്വവും ബാഹ്യമായ വൃത്തിയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു. ജീവനക്കാര്‍ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്തിശുചിത്വത്തിലും മാന്യത പുലര്‍ത്തണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.
വൃത്തിയുടെ മാനദണ്ഡമായി ഉള്‍പ്പെടുത്തിയിരിക്കുന്നത് മുറി വെട്ടുന്നത്, തടി ട്രിം ചെയ്യുന്നത്, നഖം വെട്ടുന്നത്, കുളിക്കുന്നത്, സുഗന്ധതൈലങ്ങള്‍ ഉപയോഗിക്കുന്നത് തുടങ്ങിയവയാണ്. ജോലി സമയം, ഔദ്യോഗിക കൂടിച്ചേരലുകള്‍, യോഗങ്ങള്‍, ക്യാമ്പസ്സില്‍ ഉണ്ടാകുമ്പോഴെല്ലാം ഈ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
എല്ലാ അധ്യാപകരും ക്ലാസ്സില്‍ ടീച്ചിങ് ഗൗണും ലബോറട്ടറിയില്‍ ലാബ് കോട്ടും ധരിക്കണം. അധ്യാപികമാര്‍ മാന്യമായ സല്‍വാര്‍ കമ്മീസ്, ട്രൌസര്‍, ഷര്‍ട്ട്, ഒപ്പം ഷാളും ധരിക്കണമെന്നാണ് ആവശ്യം. ഹിജാബ് അല്ലെങ്കില്‍ സ്‌കാര്‍ഫ് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
മഞ്ഞുകാലത്ത് അധ്യാപികമാര്‍ക്ക് കോട്ട്, ബ്ലേസേഴ്‌സ്, സ്വെറ്റര്‍, ഷാള്‍ എന്നിവ ധരിക്കാം. അതും മാന്യമായ നിറത്തിലും ഡിസൈനിലുമുള്ളത് ആകണം. സ്ലിപ്പേഴ്‌സ് ധരിക്കാന്‍ അനുവാദമില്ല. സ്‌കൂളുകളിലെയും കോളേജുകളിലെയും ഗേറ്റിലെ സുരക്ഷാജീവനക്കാര്‍ക്ക് യൂണിഫോം വേണമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.