FeaturedHome-bannerInternationalNews

പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് പർവേസ് മുഷാറഫ് അന്തരിച്ചു

ദുബായ്:പാകിസ്താൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു. .പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് യു. എ. ഇ യിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. പാകിസ്താൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്.

രാജ്യത്തെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. 

ബ്രിട്ടിഷ് ഭരണകാലത്തു സിവിൽ സർവീസിലായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റെ പുത്രനായി 1943 ഓഗസ്‌റ്റ് 11ന് ഡൽഹിയിൽ ജനിച്ച പർവേസ് മുഷറഫ്, വിഭജനത്തെ തുടർന്നാണ് പാക്കിസ്‌ഥാനിലെ കറാച്ചിയിലെത്തി റോയൽ കോളജ് ഒാഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി എന്നിവടങ്ങളിലെ പഠനത്തിനും പരിശീലനത്തിനുമൊടുവിൽ 1964ൽ പാക്ക് സൈനിക സർവീസിലെത്തി. രണ്ടു വട്ടം ബ്രിട്ടൻ സൈന്യത്തിൽ പരിശീലനം നേടി. 1965ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ സെക്കൻഡ് ലഫ്‌റ്റനന്റായിരുന്ന മുഷറഫ്, അന്നു ഖേംകരൻ സെക്‌ടറിൽ പാക്ക് സൈന്യത്തെ നയിച്ചു. 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചു.

ബേനസീർ ബൂട്ടോയുടെ കാലത്ത് ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തസ്‌തികയിലെത്തി. 1998ൽ നവാസ് ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു. മുഷറഫ് മേധാവിയായിരിക്കേയാണ് പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്.1999 ഒക്ടോബറിൽ 13ന് അധികാരം പിടിച്ചെടുത്ത മുഷറഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ തടവിലാക്കി. തുടർന്ന് 2001 വരെ അദ്ദേഹം പാക്കിസ്ഥാൻ പ്രതിരോധസേനയുടെ സമ്പൂർണമേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകി. 2001 ജൂണിൽ കരസേനമേധാവി എന്ന സ്ഥാനം നിലനിർത്തി അദ്ദേഹം പ്രസിഡന്റായി.

2007 മാർച്ചിൽ ചീഫ് ജസ്‌റ്റിസ് ഇഫ്‌തിഖാർ മുഹമ്മദ് ചൗധരിയെ പെരുമാറ്റദൂഷ്യത്തിനു പുറത്താക്കിയത് വൻ വിവാദമായി. ചീഫ് ജസ്‌റ്റിസിനെ തിരിച്ചെടുത്തുകൊണ്ടു പാക്ക് സുപ്രീം കോടതി ഉത്തരവും പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയരംഗം കലുഷിതമാക്കി. 2007 ഡിസംബറിൽ മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുഷറഫിനെതിരെ യോജിച്ചുനീങ്ങാൻ ഷരീഫും സർദാരിയും തീരുമാനിച്ചു. 2008 പിപിപി – പിഎംഎൽ (എൻ) ഭരണസഖ്യം ദേശീയ അസംബ്ലിയിൽ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തിൽ 2008 ഓഗസ്റ്റ് 18ന് മുഷറഫ് രാജിവച്ചു.

പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീടു മടങ്ങിയിട്ടില്ല.. പാക്കിസ്ഥാൻ അവാമി ഇത്തേഹാദ് (പിഎഐ) എന്ന 23 രാഷ്ട്രീയ പാർട്ടികളുടെ വിശാല സഖ്യത്തിനു രൂപം നൽകി രാഷ്ട്രീയത്തിലേക്കു തിരിച്ചു വരാൻ ഇടയ്ക്കു ശ്രമിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button