News

ഡല്‍ഹിയില്‍ ആയുധങ്ങളുമായി പാക് ഭീകരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ലക്ഷ്മി നഗര്‍ മേഖലയില്‍ നിന്ന് ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്റ്റില്‍. ഇയാളില്‍ നിന്ന് എകെ 47 തോക്കും സ്ഫോടക വസ്തുക്കളും പോലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. ഇയാള്‍ വ്യാജ ഇന്ത്യന്‍ മേല്‍വിലാസത്തില്‍ ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു. പിടികൂടിയ ആള്‍ ഐഎസ്ഐ ഏജന്റ് ആണോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം.

അതേസമയം, രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ നടക്കുന്നുണ്ട്. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ 40,000കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.ജമ്മു കശ്മീരിലെ 16 ഇടങ്ങളില്‍ റെയ്ഡ് നടന്നു. ഷോപ്പിയാന്‍, പുല്‍വാമ, ശ്രീനഗര്‍ എന്നിവടങ്ങളില്‍ റെയ്ഡ് നടന്നു. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, സുങ്കം,പുളിയംകുളം എന്നിവിടങ്ങളിലും എന്‍ഐഎ സംഘം പരിശോധന നടത്തി. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും തെരച്ചില്‍ നടന്നു.

അതിനിടെ ഷോപ്പിയാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ പ്രദേശത്ത് തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായ മുക്താര്‍ ഷാ മാസങ്ങള്‍ക്കുമുന്‍പ് ബീഹാറിലെ ഒരു തെരുവില്‍ കച്ചവടം നടത്തുന്ന വീരേന്ദ്ര പസ്വാന്‍ എന്നയാളെ കൊലപെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.

ഷോപ്പിയാനില്‍ സൈന്യത്തിനുനേരെ ആക്രമണം നടത്താനുള്ള ആസൂത്രണത്തിലായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനുശേഷം നടത്തിയ തെരച്ചിലില്‍ വലിയ തോതിലുള്ള സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെട്ട ആയുധ ശേഖരവും കണ്ടെത്തി. സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്.

ഇന്നലെ ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button