അമൃത്സര്‍: പൗരത്വ നിയമം ഭേദഗതി ചെയ്തതോടെ വാഗ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക്ക് ഹിന്ദുക്കളുടെ ഒഴുക്കില്‍ വന്‍ വര്‍ധന. തിങ്കളാഴ്ച മാത്രം ഇന്ത്യയിലെത്തിയത്. 200 പാക്കിസ്ഥാനി ഹിന്ദുക്കളാണ്. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാന്‍ ഇവരില്‍ പലരും താല്പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാണ്. ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും വേണ്ടിയാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ വലിയ ലഗേജുകളുമായിട്ടാണ് ഇവരില്‍ പലരും എത്തിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി പാസാക്കിയ ശേഷമാണ് പാക്ക് ഹിന്ദുക്കളുടെ ഇന്ത്യയിലേയ്ക്കുള്ള ഒഴുക്ക് കുത്തനെ വര്‍ധിച്ചിരിക്കുന്നത്. പുതിയ പൗരത്വ നിയമ ഭേദഗതിയെ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സംഘത്തിലുളള ഒരു പാക് പൗരന്‍ പറഞ്ഞു.
‘ഞങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ് ഞങ്ങളുടെ പെണ്‍മക്കള്‍ കഴിയുന്നത്. പൊലീസ് ഇത് നിശബ്ദരായി നോക്കിനില്‍ക്കും. ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാന്‍ പോലും സാധിക്കില്ല.’- സംഘത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നത് പാക്കിസ്ഥാനില്‍ പതിവാണെന്നും മൗലികവാദികള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഇവര്‍ പറയുന്നു.