KeralaNews

പദ്മകുമാര്‍ നിരവധി കുട്ടികളെ ലക്ഷ്യമിട്ടു; വീടും സാമ്പത്തികനിലയും ക്യാമറ വിവരങ്ങളും കുറിച്ച ഡയറി ലഭിച്ചു

കൊല്ലം: ഓയൂര്‍ കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ മാമ്പള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറി പോലീസിനു ലഭിച്ചു.

കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നാണ് കുട്ടികളെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങള്‍, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പദ്മകുമാര്‍ വിശദമായി പഠിച്ചിരുന്നു. ശേഖരിച്ച വിവരങ്ങൾ ഡയറിയില്‍ ഓരോ പേജിലായി ഡയഗ്രം രൂപത്തില്‍ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പദ്മകുമാര്‍ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു.

ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കുഞ്ഞയ്യപ്പക്ഷേത്രപരിസരത്തെ വീടിനടുത്ത് മൂന്നുമണിക്കൂറോളം ചെലവഴിച്ചതായി പോലീസ് കണ്ടെത്തി. എന്നാൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഓയൂരിനടുത്ത് കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് നവംബര്‍ 27-ന് വൈകീട്ട് 4.20-നാണ്. ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാര്‍ പലയിടങ്ങളിൽ ചുറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പലയിടത്തും തട്ടിയെടുക്കല്‍ശ്രമം പരാജയപ്പെട്ടതായി പ്രതി പോലീസിനോട് പറഞ്ഞു.

ഒരു കുട്ടിയെമാത്രം തട്ടിയെടുത്ത് പത്തുലക്ഷം രൂപ കൈക്കലാക്കാനായിരുന്നില്ല പദ്മകുമാര്‍ ഉദ്ദേശിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലമനുസരിച്ച് മൂന്നുലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു തീരുമാനം. കുട്ടികളെ കടത്തിക്കിട്ടുന്ന മോചനദ്രവ്യംകൊണ്ട് സാമ്പത്തികബാധ്യത തീര്‍ക്കാമെന്നും കുടുംബം കണക്കുകൂട്ടി. വലിയ തുക ആവശ്യപ്പെടാതിരുന്നാല്‍ കുട്ടികളുടെ രക്ഷിതാക്കള്‍ പണം നല്‍കുമെന്നും പോലീസിനെ അറിയിക്കില്ലെന്നും കരുതി. പിടിക്കപ്പെടുമെന്ന ചിന്ത ആസൂത്രണവേളയിലൊന്നും കുടുംബത്തിനുണ്ടായിരുന്നില്ലെന്നും ഇതിന്റെ ആത്മവിശ്വാസത്തിലാണ് പദ്മകുമാറും അനിതയും അനുപമയും മുന്നോട്ടുപോയിരുന്നതെന്നുമാണ് പോലീസ് പറയുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണമെന്ന് പരാതി. ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണം ഉണ്ടായത്.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയവർ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിയ്ക്കും ഭാര്യയ്ക്കും ഇന്നലെ വധഭീഷണി വന്നിരുന്നു. സംഭവത്തിൽ ഇരുവരും ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

റൂറല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത വിവരം കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കി. പ്രൊഡകഷന്‍ വാറണ്ടിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംഎം ജോസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

പൊലീസ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമായി പ്രതികളുടെ മൊഴിയിലുള്ള അവ്യക്തത ഉള്‍പ്പെടെ മാറുന്നതിനായി വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് നീക്കം. കേസ് അന്വേഷണം ഇതുവരെ പൂയപ്പള്ളി പൊലീസാണ് നടത്തിയിരുന്നത്. ഉച്ചയോടെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിഐജി ഉത്തരവിറക്കിയത്. 13 അംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പത്മകുമാറും കുടുംബവും അറസ്റ്റിലായ വിവരം കേട്ടപ്പോൾ മാനസികമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് പ്രതികരിച്ച് ഫാം ഹൗസ് ജീവനക്കാരി ഷീജ നേരത്തെ രംഗത്തെത്തിരുന്നു. ഇവർ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു നീലക്കാറ് തെങ്കാശിയിൽ നിന്ന് പിടിച്ചെന്ന് കേട്ടപ്പോഴാണ് ടിവി തുറന്നുനോക്കുന്നത്. വാർത്ത കണ്ടപ്പോൾ ഷോക്കായെന്നും ഷീജ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷം അവർ ഇവിടെ വന്നിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോയ വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ, ഞങ്ങളുടെ വാഹനവും പൊലീസ് പരിശോധിച്ചെന്നാണ് അവർ പറഞ്ഞത്. ഫാമിലേക്ക് പട്ടികളെ കൊണ്ടിറക്കിയപ്പോൾ പത്മകുമാറിന്റെ ഭാര്യയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. എല്ലാ വണ്ടികളും ചെക്ക് ചെയ്താണ് അവർ വിടുന്നതെന്ന് എന്നോട് പറഞ്ഞിരുന്നു. ഈ സമയത്ത് മകൾ അനുപമയും കൂടെയുണ്ടായിരുന്നു.

മകൾ പട്ടികളുടെ അടുത്തേക്കാണ് പോയത്. പത്മകുമാർ പൊതുവെ ഒന്നും സംസാരിക്കില്ല. ഭാര്യയാണ് എല്ലാ കാര്യങ്ങൾ പറയാറുള്ളത്. അനുപമയെ കൊച്ചുനാളു തൊട്ടേ അറിയാം. ഈ ഫാം വാങ്ങിച്ചതിന് ശേഷമാണ് വീണ്ടും കാണുന്നത്. അപ്പോഴേക്കും വലിയ കൊച്ചായി. മകൾക്ക് യൂട്യൂബിലൂടെ വലിയ വരുമാനമുണ്ടെന്ന് ഭാര്യ എന്നോട് പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് വച്ച് ഇത് ബ്ലോക്കായെന്ന് പറയുന്നുണ്ടായിരുന്നു-ഷീജ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button