തൃശൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara Byelection) എല്‍ഡിഎഫ് (LDF) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. ജോ ജോസഫിനെതിരെ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ (Padmaja Venugopal). ഹൃദയം തന്നെ ഏൽപ്പിച്ച രോഗികളെ എല്ലാം വഴിയാധാരമാക്കിയിട്ടാണ് ജോ ജോസഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയതെന്നാണ് പത്മജ പറയുന്നത്. തൃക്കാക്കരയുടെ ഹൃദയം ഏൽപ്പിച്ചാൽ ഹൃദ്രോഗികളെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കും എന്നു പറയുന്ന ഡോക്ടറാണ് ഇങ്ങനെ ചെയ്തതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കോൺഗ്രസിന്റെ ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസുകാർക്ക് പാരയായി മാറിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലെന്ന നിർദ്ദേശം ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് എതിർക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല.
യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാർത്ഥി നിർണയത്തെയും എതിർത്തതാണ്. കെ വി തോമസ് ഉയർത്തിവിട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കെ പി സി സി ക്ക് ആവുന്നില്ലെന്നും എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തോമസിനോടൊപ്പം കോൺഗ്രസ് വിട്ടു, ഇടതുപക്ഷവുമായി സഹകരിക്കുകയും ചെയ്യുന്നു.
ഇപ്പോൾ നിർത്തിയിരിക്കുന്ന സ്ഥാനാർത്ഥിക്ക് എന്ത് യോഗ്യതയാണ് എന്ന ചോദ്യമാണ് ഇവരെല്ലാം ഉയർത്തുന്നത്. ആ ചോദ്യം തന്നെയല്ലെ ചിന്തൻ ശിബിരത്തിലെ ബന്ധുക്കൾക്ക് സ്ഥാനാർത്ഥിത്വം നൽകരുതെന്ന നിർദ്ദേശത്തിലും അടങ്ങിയിരിക്കുന്നത്. കെപിസിസി നേതൃത്വം കരുതിയിരുന്നത് സഹതാപതരംഗം ഉണ്ടാകുമെന്നാണ്. തൃക്കാക്കരയിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. അവർ വികസനത്തോടൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തെളിഞ്ഞു കൊണ്ടിരിക്കയാണ്.
തൃക്കാക്കരയിലെ വോട്ടർമാർ തള്ളിക്കളഞ്ഞ കാര്യം, ഇപ്പോൾ എഐസിസിയും അതേ നിലപാട് സ്വീകരിക്കുക വഴി കെപിസിസി നേതൃത്വത്തെയാണ് വെട്ടിലാക്കിയത്. ചിന്തന്‍ ശിബിരത്തിലെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്‍വലിക്കുമോയെന്നും ജയരാജന്‍ ചോദിച്ചു.