തൃശ്ശൂര്‍: അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. തന്നെ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന് പദ്മജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പരാതി പറഞ്ഞിട്ടും ഇവര്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്ന് പദ്മജ വിമർശനം ഉയര്‍ത്തുന്നു. ചില കാര്യങ്ങൾ താന്‍ തുറന്നു പറയുമെന്നും പദ്മജ പറയുന്നു. പാർട്ടി വേദികളിൽ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് പദ്മജ പരാതി പറയുന്നു.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വനിതാ വിഭാഗം നേതാവുമാണ് പത്മജ വേണുഗോപാൽ. ഇദ്ദേഹം കേരളത്തിലെ മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമാണ്. 2004-ൽ മുകുന്ദപുരം ലോക്‌സഭാമണ്ഡലത്തിൽ നിന്നു മത്സരിച്ച പത്മജ ലോനപ്പൻ നമ്പാടനോടു പരാജയപ്പെട്ടു. 2016-ൽ പത്മജ തൃശ്ശൂരിൽനിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചുവെങ്കിലും എതിർസ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽകുമാറിനോട് പരാജയപ്പെട്ടു. 2021 ലും തൃശ്ശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും ജയിക്കാന്‍ സാധിച്ചിരുന്നില്ല.
പദാമജയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും..
പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ് ..
എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല…എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു..