മൂന്നാർ:പാതയോരത്തു നിർത്തിയിട്ടിരുന്ന ലോറിയിലെ തേയിലപ്പൊടി ചാക്കുകൾ കാട്ടുകൊമ്പൻ പടയപ്പ വലിച്ചു പുറത്തിട്ടു നശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നിന് മാട്ടുപ്പെട്ടി റോഡിൽ ഗ്രഹാംസ് ലാൻഡിലാണു സംഭവം. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര ഫാക്ടറിയിൽ നിന്നു കൊച്ചിയിലേക്കു തേയില കയറ്റിക്കൊണ്ടുപോയ ലോറിയിലെ 15 ചാക്ക് തേയിലയാണ് ആന നശിപ്പിച്ചത്.
ഡ്രൈവർ ലോറി നിർത്തിയിട്ടശേഷം ഉറങ്ങാൻ പോയ സമയത്താണു കാട്ടാനയുടെ ശല്യമുണ്ടായത്. ലോറിയുടെ പടുത വലിച്ചുകീറി തേയിലച്ചാക്കുകൾ വലിച്ചെറിയുകയായിരുന്നു. ഏകദേശം ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഭക്ഷണം തേടിയാണു പടയപ്പ ലോറിയിൽ പരിശോധന നടത്തിയതെന്നാണു കരുതുന്നത്. കഴിഞ്ഞ ഒന്നര മാസമായി നല്ലതണ്ണി കല്ലാറിലെ പഞ്ചായത്ത് മാലിന്യസംസ്കരണ പ്ലാന്റിലായിരുന്നു പടയപ്പയുടെ ‘ഭക്ഷണം.’ പ്ലാന്റിനു പുറത്ത് പടയപ്പയ്ക്കു തിന്നാനായി പഞ്ചായത്തധികൃതർ പച്ചക്കറി അവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്നു.
എന്നാൽ, ഒന്നര മാസത്തിനിടെ പ്ലാന്റിൽ ആന അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായി അധികൃതർ പറയുന്നു. തുടർന്ന് ആനയെ തുരത്താൻ വഴിതേടി വനംവകുപ്പിനെ സമീപിച്ചു. പച്ചക്കറി അവശിഷ്ടം കൊടുക്കരുതെന്ന അവരുടെ നിർദേശം അധികൃതർ നടപ്പാക്കി. അതോടെയാണു പടയപ്പ മാട്ടുപ്പെട്ടി മേഖലയിലേക്കു പോയത്.
ജനവാസ മേഖലയില്‍ ഇറങ്ങി കനത്ത നാശനഷ്ടം വിതക്കുന്ന ചക്കക്കൊമ്പനെ കാറിടിച്ചു. ഇടുക്കി പൂപ്പാറയില്‍ വെച്ചാണ് ചക്കക്കൊമ്പനെ കാറിടിച്ചത്. അപകടത്തില്‍ ഒരു കുട്ടി അടക്കം കാര്‍ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍ ഇടിച്ചതിന് പിന്നാലെ അക്രമാസക്തനായ ചക്കക്കൊമ്പന്‍ കാര്‍ തകര്‍ക്കാനും ശ്രമിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ കൊച്ചി – ധനുഷ്‌കോടി നാഷണല്‍ ഹൈവേയോട് ചേര്‍ന്നായിരുന്നു അപകടം.
ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്ക് പോവുകയായിരുന്നു തങ്കരാജും കുടുംബവും. ചക്കക്കൊമ്പന്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നത് അറിയാതെ തങ്കരാജും കുടുംബവും സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു. കാര്‍ തന്നെ ഇടിച്ച ദേഷ്യത്തില്‍ അക്രമാസക്തനായ ചക്കക്കൊമ്പന്‍ കാര്‍ ചവിട്ടി തകര്‍ക്കാനും ശ്രമിച്ചു എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ശേഷം ഇവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ആനത്താരയോട് ചേര്‍ന്നുള്ള പ്രദേശത്ത് വെച്ചാണ് അപകടം നടന്നിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി ചക്കക്കൊമ്പന്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം അപകടത്തില്‍ ചക്കക്കൊമ്പന് പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബുധനാഴ്ച നേരം പുലര്‍ന്ന ശേഷം ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തും എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനിടെ പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണ് എന്ന് വനം വകുപ്പ് അറിയിച്ചു.
ഇടുക്കിയില്‍ നാളുകളായി ഭീതി പരത്തുന്ന ഒറ്റയാനാണ് ചക്കക്കൊമ്പന്‍. ചക്ക പ്രിയനായതിനാലാണ് ചക്കക്കൊമ്പന്‍ എന്ന പേര് വന്നത്. ശാന്തന്‍ പാറ കോരം പാറ, തലക്കുളം മേഖലകളിലാണ് ചക്കക്കൊമ്പന്‍ പ്രധാനമായും വിഹരിക്കുന്നത്. ആനയുടെ ആക്രമണം ഭയന്ന് പ്രദേശവാസികള്‍ പ്ലാവുകളില്‍ ചക്ക വിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് ചെയ്യുന്നത്.
പത്തിലധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ട് ചക്കക്കൊമ്പന്‍. ഏകദേശം 35 – 45 വയസ് പ്രായം കാണും ചക്കക്കൊമ്പന്. ഇടുക്കിയിലെ മറ്റൊരു കൊമ്പനായ അരിക്കൊമ്പനെ കാട് കടത്തിയപ്പോള്‍ ചക്കക്കൊമ്പന് മദപ്പാട് ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.