തിരുവനന്തപുരം: റേഷൻ വാങ്ങാൻ പോകുന്നവർക്കുമാത്രമല്ല, വഴിപോക്കർക്കും റേഷൻകടകളിൽ നിന്ന് കുപ്പിവെള്ളം വാങ്ങാം. ഒരു ലിറ്ററിന് 10 രൂപ മാത്രം. പൊതുവിപണിയിൽ ഒരു ലിറ്റർ വെള്ളം 20 രൂപയ്ക്കാണ് വിൽക്കുന്നത്.
ജലസേചന വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ‘ഹില്ലി അക്വാ’ എന്ന പേരിലുള്ള കുപ്പിവെള്ളമാണ് ഇനി റേഷൻകടകൾ വഴിയും ലഭിക്കുന്നത്. പൊതുവിപണിയിൽ ഇതിന് 15 രൂപവരെ ഈടാക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾ വഴിയും വിതരണം ചെയ്യും. ശബരിമല സീസൺ കണക്കിലെടുത്ത് ആദ്യ ഘട്ടത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റേഷൻ കടകളിൽ സ്റ്റോക്ക് എത്തിക്കും. എട്ടു രൂപയ്ക്കാണ് വ്യാപാരികൾക്ക് ലഭിക്കുക. രണ്ടു രൂപ കമ്മിഷൻ ലഭിക്കും.
കുപ്പിവെള്ളത്തിന് വില കുറയ്ക്കാമെന്ന് സർക്കാരിനോട് സ്വകാര്യ കമ്പനികൾ സമ്മതിക്കുകയും പിന്നീട് 20 രൂപയ്ക്കു വിൽക്കുകയും ചെയ്ത നടപടിക്കെതിരെ റേഷൻ കടകൾ വഴി കുപ്പിവെള്ളം എത്തിക്കുന്ന പദ്ധതി മന്ത്രി തിലോത്തമൻ ഭക്ഷ്യ മന്ത്രിയായിരിക്കെയാണ് ആവിഷ്കരിച്ചത്.
അന്ന് സപ്ലൈകോ വഴി കുപ്പിവെള്ളം റേഷൻ കടകളിൽ 10 രൂപയ്ക്ക് എത്തിക്കാനും 11 രൂപയ്ക്ക് വിപണനം നടത്താനുമാണ് തീരുമാനിച്ചിരുന്നത്. കമ്മിഷൻ കുറഞ്ഞു പോയി എന്ന വ്യാപാരികളുടെ പരാതിയിൽ തട്ടി പദ്ധതി അന്നു നടന്നില്ല. അന്നത്തെക്കാൾ മെച്ചപ്പെട്ട വ്യവസ്ഥയിലാണ് ഇപ്പോൾ വില്പന.
കെ.ഐ.ഐ.ഡി.സി ജനറൽ മാനേജരുടെ ആവശ്യം പരിഗണിച്ച് സിവിൽ സപ്ലൈസ് കമ്മിഷണർ ചർച്ച നടത്തി സർക്കാരിന് നൽകിയ റിപ്പോർട്ടു പ്രകാരം കുപ്പിവെള്ള വിതരണ പദ്ധതി അനുവദിച്ചുകൊണ്ട് 25ന് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
വിലമാറ്റത്തിലെ ഇടപെടൽ
സംസ്ഥാനത്ത് പൊതുവിപണിയിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂയായി കുറച്ചുകൊണ്ടുള്ള ഉത്തരവ് വിജ്ഞാപനമായി 2020 മാർച്ച് 17ന് രാത്രിയാണ് പുറത്തിറങ്ങിയത്. കുപ്പിവെള്ളത്തെ കേരള അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരം അവശ്യസാധനമായി പ്രഖ്യാപിച്ച ശേഷമായിരുന്നു ഉത്തരവ്. എന്നാൽ, ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തൊട്ടുപിന്നാലെ 2021 ഡിസംബർ 18 മുതൽ ലിറ്ററിന് ഏഴു രൂപ വർദ്ധിപ്പിച്ച് കമ്പനികൾ 20 രൂപയാക്കി.