നിലമ്പൂരിൽ ആര്യാടനാണ് സ്ഥാനാർഥിയെങ്കിൽ ബാക്കി കാത്തിരുന്ന് കാണാം; അതൃപ്തി പരസ്യമാക്കി പി.വി. അൻവർ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ നിര്‍ത്താനുള്ള സാധ്യതയില്‍ താല്‍പര്യക്കുറവ് പ്രകടമാക്കി പി.വി. അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലല്ലോ എന്നും കാത്തിരുന്ന് കാണാം എന്നുമാണ് അന്‍വര്‍ പ്രതികരിച്ചത്.

നിലമ്പൂര്‍ മണ്ഡലത്തിലെ ആര്യാടന്മാരുടെ കുത്തക അവസാനിപ്പിച്ചാണ് പി.വി. അന്‍വര്‍ നിലമ്പൂര്‍ സ്വന്തമാക്കിയത്. 1980 മതല്‍ 2016 വരെ ആര്യാടന്‍ മുഹമ്മദ് വിജയിച്ചിരുന്ന മണ്ഡലം കോണ്‍ഗ്രസിന്റെ കൈയില്‍നിന്നും എല്‍ഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ച അന്‍വര്‍, ഇനിയും അവിടെ ആര്യാടന്‍ കുത്തക തിരിച്ചുവരുമോ എന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. ആര്യാടന്‍ ഷൗക്കത്തിന് പകരം വി.എസ്. ജോയിയുടെ പേര് നിര്‍ദേശിച്ചതിനുപിന്നിലെ കാരണവും അദ്ദേഹം വ്യക്തമാക്കി.

വനം-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഞാന്‍ മുന്നോട്ടുവെച്ച വിഷയം ഏറ്റവും നന്നായി ഏറ്റെടുത്ത് ചെയ്യാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ഥി വി.എസ്. ജോയ് ആണ്. പ്രിയങ്ക ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ല, 20% പ്രാതിനിധ്യമുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് ഒരു എംഎല്‍എ പോലുമില്ല എന്ന വിഷയം അവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് ജോയിയുടെ പേര് നിര്‍ദേശിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

താന്‍ ഒരു സാധാരണ പ്രവര്‍ത്തകനാണെന്നും സ്ഥാനാര്‍ഥി നിര്‍ണയം പോലെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് വലിയ നേതാക്കളല്ലേയെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് അന്‍വര്‍ പറഞ്ഞു. നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏത് ചെകുത്താനാണെങ്കിലും തന്റെ പിന്തുണയുണ്ടാകും എന്നാണ് അന്‍വര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഉയര്‍ന്നുവന്നതോടെ, നിലപാട് മാറ്റി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് അന്‍വര്‍.

മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയാവുന്ന ആര്യാടന്‍ പാരമ്പര്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫ് ആര്യാടന്‍ ഷൗക്കത്തിനെ ഒഴിവാക്കുമോ, അതോ പി.വി. അന്‍വറിനെ കണ്ടില്ലെന്ന് നടിക്കുമോ എന്നത് നിര്‍ണായകമാണ്. പി.വി. അന്‍വറിന്റെ അഭിപ്രായത്തെ പിന്താങ്ങുന്ന പക്ഷം, ആര്യാടന്റെ സ്ഥാനാര്‍ഥിത്വം ഇല്ലാതാവും. ഇത് എല്‍ഡിഎഫ് കൃത്യമായി ഉപയോഗിക്കുകയും അദ്ദേഹത്തിനായി വലവിരിക്കുകയും ചെയ്താല്‍ യുഡിഎഫ് പ്രതിരോധത്തിലാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News