ഇടതുപക്ഷ ജനപ്രതിനിധിയാണെങ്കില്‍ ആര്‍ക്കും തട്ടിക്കളിക്കാന്‍ നിന്നുകൊടുക്കണമെന്ന പൊതുബോധം മാധ്യമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. നടന്‍ മുകേഷിനുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് പി.വി. അന്‍വറിന്റെ പ്രതികരണം. ഇടതുപക്ഷത്തിന്റെ ജനപ്രതിനിധിയോ പ്രവര്‍ത്തകനോ ആയാല്‍ പിന്നെ അയാള്‍ക്ക് ഒരു വ്യക്തിസ്വാതന്ത്ര്യവുമില്ലെന്നാണ് ധാരണയെന്നും പറഞ്ഞു.
തനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും വ്യാജ ഐഡിയില്‍ വന്ന കെ.എസ്.യു നേതാവിനെ അന്ന് കയ്യോടെ പിടിച്ചെന്നും പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നടന്‍ ജയസൂര്യ അവതരിപ്പിച്ച ക്ലാസ്‌മേറ്റ്‌സിലെ കഞ്ഞിക്കുഴി സതീശനില്‍ നിന്ന് ഇവര്‍ ഒട്ടു മുമ്പോട്ട് പോയിട്ടില്ലെന്ന് പരിഹസിക്കാനും മറന്നില്ല. ഒരടിപോലും ഇവര്‍ മുന്‍പോട്ട് പോയിട്ടില്ല എന്നും ഇനി പോവുകയുമില്ലെന്നും പറഞ്ഞു.
പി വി അന്‍വറിന്റെ കുറിപ്പ്
ബഹുമാനപ്പെട്ട കൊല്ലത്ത് നിന്നുള്ള അംഗം മുകേഷിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു വേര്‍ഷന്‍ അടുത്തിടെ എനിക്കും നേരിടേണ്ടി വന്നു. നിരന്തരം ഒരു ഐ.ഡിയില്‍ നിന്ന് പേജിലെ എല്ലാ പോസ്റ്റുകളിലും പ്രകോപനപരമായ കമന്റുകള്‍ വന്ന് തുടങ്ങി.
ഏതാണ്ട് 14000ത്തോളം ഫോളോവേര്‍സ്സുള്ള ഒരു കോണ്‍ഗ്രസ് പ്രൊഫൈല്‍. അഭിഭാഷക ആണെന്നും കെഎസ്യു പ്രവര്‍ത്തകയാണെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. വിശദമായ പരിശോധനയില്‍ വ്യാജ ഐ.ഡി ആണെന്ന് മനസ്സിലായി.
സൈബര്‍ കോണ്‍ഗ്രസുകാരുടെ വന്‍പിന്തുണ ഈ ഐ.ഡിക്കുണ്ടായിരുന്നു. ഒരു പോസ്റ്റില്‍ വന്ന് കമന്റ് ചെയ്തപ്പോള്‍, മറുപടി നല്‍കി.ഇതോടെ ”സ്ത്രീയായ എന്നെ പി.വി അന്‍വര്‍ അപഹസിച്ചേ” എന്നുള്ള ഇരവാദം മുഴക്കി പ്രസ്തുത ഐ.ഡിയില്‍ നിന്ന് നിരന്തരം പോസ്റ്റുകള്‍ വന്ന് തുടങ്ങി.
യു.ഡി.എഫ് അണികള്‍ പിന്തുണയുമായെത്തി. എന്തായാലും എന്റെ ഏറ്റവും പ്രിയപ്പെട്ടവരായ ചില മാധ്യമ സുഹൃത്തുക്കള്‍ എന്ത് കൊണ്ടോ എനിക്കെതിരെ ഇത് വാര്‍ത്തയാക്കിയില്ല എന്നതില്‍ ഇന്നുമെനിക്ക് അത്ഭുതമുണ്ട്.