കൊച്ചി: തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന കൃത്യമായ മാർഗനിർദേശം നൽകിയ ശേഷമാണ് പിടി തോമസിൻ്റെ വിയോഗം. വിശ്വസ്ത സുഹൃത്തും കോൺഗ്രസ് നേതാവുമായ ഡിജോ കാപ്പനുമായി നടത്തി സ്വകാര്യ സംഭാഷണത്തിലാണ് തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന നിർദേശം പിടി തോമസ് നൽകിയത്.
വെല്ലൂരിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന ഭാര്യ ഉമ അറിയാതെ പിടി ഡിജോ കാപ്പനെ വിളിച്ചതും തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന മാർഗനിർദേശം നൽകിയതും. കേരള രാഷ്ട്രീയത്തിന് പിടി തോമസിൻ്റെ വിയോഗം വലിയ ഞെട്ടലായി മാറുമ്പോഴും തനിക്ക് ഇനി അധികദൂരം ബാക്കിയില്ലെന്ന തിരിച്ചറിവ് പി.ടിക്കുണ്ടായിരുന്നു എന്ന തിരിച്ചറിവാണ് അദ്ദേഹത്തിൻ്റെ ഉറ്റ അനുയായികൾ.
വെല്ലൂരിൽ ചികിത്സയിൽ തുടരുന്നതിനിടെ നവംബർ 22-നാണ് ഡിജോ കാപ്പനെ പിടി ഫോണിൽ വിളിച്ചത്. ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണമെന്നും രഹസ്യമായി സൂക്ഷിക്കണമെന്നുമുള്ള കർശന നിർദേശത്തോടെയാണ് തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് ഡിജോയ്ക്ക് നിർദേശം നൽകിയത്.
കൊച്ചി രവിപുരത്തെ ശ്മശാനത്തിൽ വേണം എന്നെ സംസ്കരിക്കാൻ. കുടുംബാംഗങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും എന്ന ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. തൻ്റെ പേരിലുള്ള സ്വത്തുവകകൾ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതംവയ്ക്കാം
ഇങ്ങനെയാണ് ഡിജോയ്ക്ക് പിടി തോമസ് നൽകിയ നിർദേശം. മരണപ്പെടുന്നതിന് കൃത്യം ഒരു മാസം മുൻപായിരുന്നു ഈ ഫോൺ സംഭാഷണം നടന്നത് എന്നതാണ് മറ്റൊരു കൌതുകം. 2014-ൽ ട്രെയിൻ യാത്രയ്ക്കിടെ പിടിക്ക് ഹൃദയാഘാതമുണ്ടായിരുന്നു. സഹയാത്രികൻ്റെ സമയോചിതമായ ഇടപെടൽ മൂലമാണ് അന്ന് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായത്. അതിനു ശേഷമാണ് വില്ലനായി അർബുദം പിടിയുടെ ജീവിതത്തിലേക്ക് വന്നത്. ഈ പരീക്ഷണഘട്ടവും പിടിയുടെ പോരാളി മറികടക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഇക്കുറി വെല്ലൂരിലേക്ക് ചികിത്സയ്ക്ക് വേണ്ടി പുറപ്പെടുപ്പോൾ പെട്ടെന്ന് തിരിച്ചെത്താം എന്ന ഉറപ്പ് സുഹൃത്തുകൾക്കും പ്രവർത്തകർക്കും നൽകിയാണ് പിടി യാത്ര പറഞ്ഞത്. എന്നാൽ വെല്ലൂരിലെ ചികിത്സയ്ക്കിടെ അർബുദം പിടിമുറുക്കിയതോടെ ഇനി അധികസമയമില്ലെന്ന് പിടിയും തിരിച്ചറിഞ്ഞിരിക്കാം.
പി.ടി തോമസിൻ്റെ അന്തിമ ആഗ്രഹപ്രകാരം സംസ്ക്കാര ചടങ്ങുകൾ നടത്തുമെന്ന് സംഘടനാ ചുമതലയുള്ള എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ പറഞ്ഞു. കുടുംബത്തിൻ്റെ താല്പര്യം കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാത്രിയോടെ പിടിയുടെ മൃതദേഹം കൊച്ചിയിലെ വീട്ടിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.