കൊച്ചി: കൊച്ചിയിൽ കണക്കിൽപ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്നത് ഉടമസ്ഥരില്ലാത്ത ആക്ഷേപങ്ങളാണെന്ന് പി ടി തോമസ് എംഎൽഎ. താൻ ഇടപെട്ടത് മധ്യസ്ഥ ചർച്ചയ്ക്കാണ്. ഭൂമിതർക്കം പരിഹരിക്കാൻ ഇടപെടണമെന്ന് രാജീവൻ ആവശ്യപ്പെട്ടതാണ്. വാർഡ് കൗൺസിലർ വഴിയാണ് തന്നെ സമീപിച്ചതെന്നും എംഎൽഎ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് പണം കണ്ടെടുത്തത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ പി.ടി.തോമസ് എംഎൽഎയും പണമിടപാട് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർ എത്തിയതിന് തൊട്ടുപിന്നാലെ എൽഎഎ ഇവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു. പണം കണ്ടെടുത്ത വീടിന്‍റെ ഉടമയായ രാജീവനിൽ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണൻ എന്നയാളും ഇവിടെയുണ്ടായിരുന്നു.
ഇയാൾ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് കരുതുന്നത്. ഈ പണമിടപാടിൽ എംഎൽഎയ്ക്ക് എന്താണ് പങ്കെന്ന് ആദായനികുതി വകുപ്പ് പരിശോധി,ക്കുന്നതായാണ് വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ രാധാകൃഷ്ണന് ഭൂമിത്തർക്കം ഉണ്ടായിരുന്നെന്നും ഇത് പരിഹരിക്കാനാണ് എംഎൽഎ എത്തിയതെന്നുമാണ് സ്ഥലമുടമയായ രാജീവന്‍റെ വിശദീകരണം.