KeralaNews

മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാവീണു; കിറ്റെക്സിന്റെ പിന്മാറ്റത്തിൽ പ്രതികരണവുമായി പി.ടി. തോമസ്

കൊച്ചി:മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാവീണു എന്ന് പറഞ്ഞതുപോലെയാണ് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽനിന്ന് കിറ്റെക്സ് കമ്പനി പിന്മാറിയതെന്ന് പി ടി തോമസ് എം എൽ എ. നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനിയാണെങ്കിൽ പത്തല്ല ആയിരം അന്വേഷണങ്ങൾ വന്നാലും പേടിക്കാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സർക്കാരുമായി ചേർന്ന് നടപ്പാക്കാനുദ്ദേശിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നുവെന്നാണ് കിറ്റെക്സ് കമ്പനി അറിയിച്ചത്. ഒരു അപ്പാരൽ പാർക്കും മൂന്ന് വ്യവസായ പാർക്കും തുടങ്ങാമെന്നായിരുന്നു ധാരണ. എന്നാൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ കമ്പനിയിൽ നിരന്തരം പരിശോധനകൾ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് പദ്ധതിയിൽനിന്ന് പിന്മാറാൻ കമ്പനി തീരുമാനിച്ചത്.

നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ രാജ്യത്ത് പ്രവർത്തിക്കാൻ കഴിയൂ. നിയമവിരുദ്ധമായ ഒട്ടേറെ കാര്യങ്ങൾ ആ കമ്പനിയിൽ നടക്കുന്നുണ്ട്. ആവശ്യമെങ്കിൽ ചൂണ്ടികാണിക്കാൻ താൻ ഇപ്പോഴും തയാറാണെന്നും പി ടി തോമസ് എം എൽ എ പ്രതികരിച്ചു. നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനിയാണെങ്കിൽ പത്തല്ല ആയിരം അന്വേഷണങ്ങൾ വന്നാലും പേടിക്കാനില്ല. തന്റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതിന് രേഖകളുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു.

കടമ്പ്രയാർ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരേ കിഴക്കമ്പലം പഞ്ചായത്ത് നോട്ടീസ് കൊടുത്തപ്പോൾ ആ പഞ്ചായത്ത് പിടിച്ചെടുക്കുകയാണ് ചെയ്തത്. അങ്ങനെയെങ്കിൽ കിറ്റെക്സ് എം ഡി സാബു ജേക്കബ് സംസ്ഥാനഭരണം പിടിച്ചെടുത്തായിരിക്കും അതിനെ പ്രതിരോധിക്കാൻ പോകുന്നത്.

2020 ജനുവരിയിലാണ് സർക്കാരിനോട് ചേർന്ന് പ്രോജക്ട് തുടങ്ങാൻ തീരുമാനിച്ചത്. ഒന്നരവർഷമായിട്ടും പ്രോജക്ട് തുടങ്ങിയില്ലെങ്കിൽ അവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകും. സർക്കാർ പതിനൊന്നോളം പരിശോധനകൾ നടത്തിയെങ്കിൽ അത് പിണറായി വിജയനോടാണ് ചോദിക്കേണ്ടത്. പിണറായി അറിഞ്ഞിട്ട് നടക്കുന്ന പരിശോധന ആയിരിക്കും. എന്തെങ്കിലും കുഴപ്പമുണ്ടായിട്ടായിരിക്കും പരിശോധിച്ചിട്ടുണ്ടാകുക. എന്താണ് പരിശോധിച്ചതെന്ന് പിണറായിയാണ് പറയേണ്ടത്. പിണറായി വിജയന്റെ ബി ടീം അല്ലേ കിറ്റെക്സ് എന്നും പി.ടി. തോമസ് ചോ​ദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button