തിരുവനന്തപുരം: റെയില്‍വേ കേന്ദ്ര ലിസ്റ്റിലാണെന്നത് പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്ലെന്നും മന്ത്രി പി.രാജീവ്
കേന്ദ്രം അനുമതി തന്നില്ലെങ്കില്‍ മുന്നോട്ടുപോകുന്നതില്‍ തടസങ്ങളുണ്ടാകും. ഇതാണ് മുഖ്യമന്ത്രിയും സൂചിപ്പിച്ചത്. തത്ത്വത്തിലുള്ള അനുമതിയില്‍ എന്തൊക്കെ പറ്റുമോ അതേ ഇപ്പോള്‍ ചെയ്യാനാകൂ. ഇത് ആദ്യം മുതല്‍ പറയുന്നതാണെന്നും പി. രാജീവ് വ്യക്തമാക്കി .
മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതാണ് ‘പദ്ധതിയില്‍ നിന്ന് പിന്നോട്ടു പോകുന്നുവോ’ എന്ന ചോദ്യങ്ങള്‍ ഉയരുന്നതിന് കാരണം. ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രധാന രീതി പ്രതീതി നിര്‍മാണമാണ്. പ്രതീതികള്‍ തുടര്‍ച്ചായി സൃഷ്ടിച്ചാല്‍ പ്രതീതിയേത്, യാഥാര്‍ഥ്യമേത് എന്നത് നിര്‍മിച്ചവര്‍ക്കു തന്നെ പിടികിട്ടിയില്ലെന്നും മീറ്റ് ദി പ്രസ് പരിപാടിയില്‍ മന്ത്രി പറഞ്ഞു.
‘തൃക്കാക്കരയിലേത് രാജീവിന്റെ വ്യക്തിപരമായ സ്ഥാനാര്‍ഥി ആയിരുന്നോ’, എന്ന ചോദ്യത്തിന് ‘അതൊക്കൊ നേരത്തേ പറഞ്ഞതല്ലേ ഇടതുമുന്നണിയില്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥി വരുമോ’ എന്നായിരുന്നു മറുചോദ്യം. ഭരണപക്ഷം തെരഞ്ഞെടുപ്പിനുമുമ്ബ് എങ്ങനെയാണോ ഇപ്പോഴും അതേ ശക്തിയില്‍ തന്നെയാണ്. പ്രതിപക്ഷത്തിന്റെ അംഗസംഖ്യയിലും വ്യത്യാസം വന്നില്ല. രാഷ്ട്രീയമായി കേരളത്തിലെ യു.ഡി.എഫിന്റെ ആദ്യത്തെ അഞ്ച് മണ്ഡലങ്ങളില്‍ ഒന്നാണ് തൃക്കാക്കര.
ഇടതുവിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിച്ചാല്‍ എന്തുണ്ടാകുമെന്ന് നേരത്തേ തന്നെ വിലയിരുത്തിയിരുന്നു. ഇതില്‍ ഭിന്നതയുണ്ടാക്കി ഇടതുമുന്നണിക്ക് അനുകൂലമാക്കാനാണ് ശ്രമിച്ചത്. തെരഞ്ഞെടുപ്പ് വരുമ്ബോഴുണ്ടാകുന്ന പല ഘടകങ്ങളായിരിക്കും ജയത്തെ സ്വാധീനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.