KeralaNews

ആര്‍ക്കും വേണ്ടാതിരുന്ന പതിമൂന്നാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങി പി. പ്രസാദ്

തിരുവനന്തപുരം: ആര്‍ക്കും വേണ്ടാതിരുന്ന പതിമൂന്നാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ ചോദിച്ച് വാങ്ങി കൃഷി മന്ത്രി പി. പ്രസാദ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് ഉപയോഗിച്ച പതിമൂന്നാം നമ്പര്‍ ഇന്നലെ മന്ത്രിമാര്‍ക്ക് കാറുകള്‍ അനുവദിച്ചപ്പോള്‍ ആരും എടുത്തിരുന്നില്ല.

കൂടുതല്‍ മന്ത്രിമാരും ഈശ്വര നാമത്തിലല്ലാതെ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിലും പതിമൂന്നാം നമ്പറില്‍ മന്ത്രിമാര്‍ അപശകുനം കാണുകയായിരിന്നു. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. ഇക്കുറി മന്ത്രിമാര്‍ക്കായി പതിമൂന്നാം നമ്പര്‍ കാര്‍ തയാറാക്കിയെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞ് ആ കാറില്‍ കയറാന്‍ ആളില്ലാതായിരിന്നു. ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നെത്തിച്ച മറ്റൊരു വാഹനവും പതിമൂന്നിനെ ഒഴിവാക്കാന്‍ ഉപയോഗിക്കേണ്ടി വന്നു. ഇതിനിടെയാണ് പി പ്രസാദ് കാര്‍ ചോദിച്ച് വാങ്ങിയത്.

ഐസക്ക് താമസിച്ചിരുന്ന മന്‍മോഹന്‍ ബംഗ്ലാവ് ഇക്കുറി ഗതാഗത മന്ത്രി ആന്റണി രാജുവിനാണ് നല്‍കിയിരിക്കുന്നത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമാണ് ഇതിന് മുമ്പ് 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയ മന്ത്രിമാര്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല.

ഇത് വാര്‍ത്തായപ്പോഴാണ് ഐസക്ക് നമ്പര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്. അന്ന് ഐസക്കിനൊപ്പം വിഎസ് സുനില്‍കുമാറും കെടി ജലീലും കാറേറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ബേബിക്കും ഐസക്കിനും ഇടയില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് ആരും കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.

കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന പ്രശാന്ത് കേരള കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി അഗസ്റ്റിനാണ്. രാഷ്ട്രീയഗുരുവായ മാണിസാര്‍ മന്ത്രിയായിരുന്നപ്പോള്‍ താമസിച്ച വീടും മൂന്നാം നമ്പര്‍ കാറും റോഷി ചോദിച്ചുവാങ്ങുകയായിരുന്നു. കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ലിഫ് ഹൗസിന് സമീപമുള്ള പമ്പയാണ് ഔദ്യോഗിക വസതിയായി അനുവദിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button