മലപ്പുറം:മുഈനലി വിഷയത്തിന് ശേഷം ആദ്യമായി കുഞ്ഞാലിക്കുട്ടിയുടെ പരസ്യപ്രതികരണം. വെല്ലുവിളികളെ അതിജീവിച്ച പ്രസ്താനമാണ് മുസ്ലീം ലീഗെന്ന് പറഞ്ഞ മുതിർന്ന നേതാവ് കഴിഞ്ഞ ദിവസങ്ങളിലെ വിവാദം സിപിഎം സൃഷ്ടിച്ചതാണെന്ന് ആരോപിച്ചു. സർക്കാരിന്റെ മുസ്ലീം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു. മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നു മുതിർന്ന നേതാവ് പറഞ്ഞു.
ഹൈദരലി തങ്ങള്‍ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിനു കാരണം ഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈന്‍ അലി തങ്ങളുടെ ആരോപണം. തന്‍റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടുകള്‍ കൊണ്ടാണെന്നും മുഈൻ അലി വാർത്താസമ്മേളനത്തിൽ പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം
മുഈനലിക്കെതിരെ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേർന്ന ഉന്നതാധികാരസമിതി തള്ളിയിരുന്നു. രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പാണക്കാട് കുടുംബത്തിനെതിരെ നടപടി പറ്റില്ലെന്ന് മറ്റുള്ളവർ നിലപാടെടുക്കുയായിരുന്നു. പിഎംഎ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചത്
അതിനിടെ മുസ്ലിംലീഗ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ്. ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചു. ലീഗിലെ നേതാക്കള്‍ തമ്മിലുള്ള തമ്മിലടി രൂക്ഷമായതിന് പിന്നാലെയാണ് റസാഖിന്‍റെ പ്രതികരണം.
‘മുസ്ലീം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കൾ സ്വന്തം പാർട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിർത്തി തകർക്കാനും തളർത്താനും ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ് മുസ്ലീം ലീഗ് പ്രസ്ഥാനം തളരാതെ തകരാതെ നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണ്’- കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചു.
മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016-ലാണ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത്. കൊടുവള്ളിയില്‍ നിന്നും നിയമസഭയിലേക്കെത്തിയ റസാഖ് കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എം കെ മുനീറിനോട് പരാജയപ്പെട്ടിരുന്നു.