മലപ്പുറം: തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സിപിഎമ്മിനെ കടന്നാക്രമിച്ച യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഉപതെരഞ്ഞെടുപ്പിന് സിപിഎം പ്രചാരണം നയിച്ച സംസ്ഥാന മന്ത്രി പി രാജീവിനെയും, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിനെയും പ്രത്യേകം എടുത്ത് വിമര്‍ശിച്ചാണ് പികെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ആദ്യം പാർട്ടി കണ്ടെത്തിയ സ്ഥാനാർത്ഥിയെ മാറ്റി മണ്ഡലത്തിലെ പ്രബല സമുദായത്തെ സ്വാധീനിക്കാൻ ശ്രമം നടത്തി. പിന്നീട് സ്ഥാനാർത്ഥിയെ കൊണ്ട് വേഷം കെട്ടിച്ച് അരികിലിരുന്ന് ഒരു ഉളുപ്പുമില്ലാതെ നിന്ന് ചിരിച്ചു. ജാതി-മത-വർഗീയ കോമരങ്ങളുടെ ആസ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ എഴുന്നെള്ളിച്ചു. ട്വന്റി-ട്വന്റിയുടെയും ആം ആദ്മിയുടെയും വോട്ട് വേണമെന്ന് ആവശ്യപ്പെട്ടു.
ഒടുവിൽ പി.ഡി.പിയുടെ പിന്തുണ പോലും പരസ്യമായി തേടി. പി. രാജീവും എം സ്വരാജും അധികം ഡെക്കറേഷനൊന്നും ആവശ്യമില്ലാത്ത വെറും സി.പി.എമ്മുകാരാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നുവെന്ന് പികെ ഫിറോസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
തൃക്കാക്കരയിൽ മുഖമൂടി അഴിഞ്ഞു വീണ രണ്ടുകൂട്ടർ..
തൃക്കാക്കരയിൽ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയത്തോടൊപ്പം ചർച്ച ചെയ്യേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് സി.പി.എമ്മിലെ കണ്ണൂർ ലോബിയെ പോലെ മനുഷ്യത്വരഹിത സമീപനമുള്ളവരോ വോട്ടിന് വേണ്ടി മതനിരപേക്ഷ മൂല്യങ്ങളെ കുഴിച്ചു മൂടുന്നവരോ അല്ല പാർട്ടിയുടെ രണ്ടാം നിരയിലുള്ളത് എന്ന പ്രചരണമായിരുന്നു. അത്തരം നേതാക്കളുടെ ശ്രേണിയിൽ മുകളിലുള്ളവരായിട്ടാണ് പി. രാജീവിനെയും എം.സ്വരാജിനെയും എണ്ണിയിരുന്നത്.
എന്നാൽ തൃക്കാക്കരയിൽ നാലു വോട്ടിന് വേണ്ടി കണ്ണൂർ ലോബിയെക്കാൾ തരം താഴാൻ തയ്യാറാണ് എന്ന് തെളിയിക്കാനുള്ള വെപ്രാളത്തിലായിരുന്നു ഈ രണ്ട് പേരും. ആദ്യം പാർട്ടി കണ്ടെത്തിയ സ്ഥാനാർത്ഥിയെ മാറ്റി മണ്ഡലത്തിലെ പ്രബല സമുദായത്തെ സ്വാധീനിക്കാൻ ശ്രമം നടത്തി. പിന്നീട് സ്ഥാനാർത്ഥിയെ കൊണ്ട് വേഷം കെട്ടിച്ച് അരികിലിരുന്ന് ഒരു ഉളുപ്പുമില്ലാതെ നിന്ന് ചിരിച്ചു. ജാതി-മത-വർഗീയ കോമരങ്ങളുടെ ആസ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ എഴുന്നെള്ളിച്ചു. ട്വന്റി-ട്വന്റിയുടെയും ആം ആദ്മിയുടെയും വോട്ട് വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ പി.ഡി.പിയുടെ പിന്തുണ പോലും പരസ്യമായി തേടി. പി. രാജീവും എം സ്വരാജും അധികം ഡെക്കറേഷനൊന്നും ആവശ്യമില്ലാത്ത വെറും സി.പി.എമ്മുകാരാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു.
രണ്ടാമത്തെ കൂട്ടർ ചില മാധ്യമ പ്രവർത്തകരാണ്. മാധ്യമങ്ങൾ ഭരണകൂടത്തെ ശക്തമായി വിമർശിക്കേണ്ടവരാണ്. മാധ്യമങ്ങൾ കൂടി ഉപചാപക സംഘമായാൽ തോന്നിയ രീതിയിൽ ഭരണം മുന്നോട്ടു പോകും എന്ന് വരുമെന്നത് കൊണ്ടാണിത്. ദേശീയ തലത്തിൽ ഇപ്പോൾ മോദി ഭക്തരായ ഗോദി മീഡിയയാണ് ബഹുഭൂരിഭാഗവും. കേരളത്തിലും കാര്യങ്ങളുടെ പോക്ക് സമാനമാണ്.
വി.എസ് ഭരിക്കുമ്പോഴാണ് മാധ്യമങ്ങൾ ഭരണാധികാരിയുടെ കൂടെ നിന്നിരുന്നത്. അന്നതിന് കാരണം പിണറായി പിൻസീറ്റിൽ ഭരണം നടത്തുകയും വി.എസ് റിബലായി നിൽക്കുകയും ചെയ്തപ്പോഴാണ്. പിണറായി അന്നതിനെ മാധ്യമ സിണ്ടിക്കേറ്റ് എന്ന് വിളിച്ചാക്ഷേപിച്ചിരുന്നു. 2016 ൽ വീണക്കും നികേഷിനും പിണറായി സീറ്റ് നൽകിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഒരു മാധ്യമ സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആകർഷകമായ പാക്കേജ് നോക്കി കളം മാറുന്നവർക്ക് രാഷ്ട്രീയവും ഒരു ഓപ്ഷനായി.
അത്യാവശ്യം എഴുതാനറിയുന്ന മാധ്യമ പ്രവർത്തകരിൽ പലരും പിണറായി വാഴ്ത്തു പാട്ടുകൾ സോഷ്യൽ മീഡിയയിൽ എഴുതിത്തുടങ്ങി. പോരാളി ഷാജിയെ പോലും നാണിപ്പിക്കുന്ന തരത്തിൽ പാർട്ടിയുടെ തെറ്റുകളെ ന്യായീകരിച്ചു. പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി വോട്ടു ചോദിച്ചു.
നല്ലൊരു പാക്കേജ് കിട്ടിയാൽ ജനം ടിവിയിലേക്കോ ജൻമഭൂമിയിലേക്കോ മാറുന്നത് പോലെ രാഷ്ട്രീയവും ഒരു പാക്കേജായി വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തരക്കാരെയും തുറന്ന് കാട്ടേണ്ടതുണ്ട്. രാഷ്ട്രീയം മലീമസമാക്കുന്ന ഈ രണ്ട് കൂട്ടരുടെയും മുഖമൂടി വലിച്ച് കീറുന്നത് കൂടിയാകണം തെരഞ്ഞെടുപ്പാനന്തര ചർച്ചകൾ.