കോട്ടയം :പി.ജെ. ജോസഫ് ഇനി കേരള കോൺഗ്രസ് ചെയർമാൻ. പി.സി. തോമസ് വർക്കിങ് ചെയർമാനും. ഇന്നു ചേർന്ന ഓൺലൈൻ നേതൃയോഗമാണ് ലയന ശേഷമുള്ള കേരള കോൺഗ്രസിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.പാർട്ടിയുടെ പുതിയ ഭരണഘടനയ്ക്കും അംഗീകാരം നൽകി.
പി.ജെ. ജോസഫിന്റെ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കോട്ടയത്തെ ഓഫിസാകും പാർട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ്. നേരത്തെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫിസ് ഇവിടെ ആയിരുന്നു.
തിരഞ്ഞെടുപ്പിനു മുൻപാണ് പി.ജെ. ജോസഫ് വിഭാഗം പി.സി. തോമസ് ചെയൻമാനായ കേരള കോൺഗ്രസിൽ ലയിച്ചത്. ലയനത്തിനു ശേഷം ഭാരവാഹികളെ നിശ്ചയിച്ചിരുന്നില്ല. ലയന ശേഷം നേതാക്കൾക്കായി പുതിയ പദവികളും കേരള കോൺഗ്രസിൽ രൂപീകരിക്കും. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യും.
മോൻസ് ജോസഫാകും എക്സിക്യൂട്ടിവ് ചെയർമാൻ. ഇതാദ്യമായാണ് കേരള കോൺഗ്രസിൽ എക്സിക്യൂട്ടിവ് ചെയർമാൻ തസ്തിക. ജോയ് ഏബ്രഹാം സെക്രട്ടറി ജനറലാകും. ഓഫിസ് ചുമതലയും ജോയ് ഏബ്രഹാമിനാണ്. ടി.യു. കുരുവിള ചീഫ് കോർഡിനേറ്റർമാരാണ്,കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ എന്നിവർ ഡെപ്യൂട്ടി ചെയർമാൻമാരാണ്. മറ്റ് തസ്തികകൾ തീരുമാനിച്ചിട്ടില്ല.