കോട്ടയം: പി.ജെ ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ ജയിച്ച ഇരുവരും അയോഗ്യത ഒഴിവാക്കുന്നതിന് വേണ്ടിയാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറി. അയോഗ്യത ഒഴിവാക്കാന്‍ രാജിവയ്ക്കണമെന്ന് ഇരുവര്‍ക്കും നിയമോപദേശം ലഭിച്ചിരുന്നു.
അതിനിടെ കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളുടെ ചിഹ്നം സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇന്നു കൂടിയേ സമയമുള്ളൂ. അവസാന മണിക്കൂറിലും ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ച് ലഭിച്ചിട്ടില്ല.
പത്രിക സമര്‍പ്പിക്കുന്നതിന് 10 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളും ചിഹ്നത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണ്. ട്രാക്ടര്‍, തെങ്ങിന്‍തോപ്പ് എന്നിവയില്‍ ഒന്ന് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിക്കണമെന്നാണ് ജോസഫ് വിഭാഗം കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ ഉടനടി അന്തിമ തീരുമാനമുണ്ടായില്ലെങ്കില്‍ ട്രാക്ടര്‍ പ്രഥമ പരിഗണന നല്‍കി 10 സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിക്കാനാണ് നിലവില്‍ നീക്കം. പിന്നീട് കമ്മീഷന്‍ തീരുമാനം വന്നശേഷം ഭാവിപരിപാടികള്‍ ആലോചിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.