ന്യൂഡല്‍ഹി: സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ റിമാന്‍ഡ് ചെയ്തു. ഈ മാസം 19വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അടക്കും. 14 ദിവസത്തേക്കാണ് ചിദംബരത്തെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജാമ്യം അനുവദിക്കണമെന്ന ചിദംബരത്തിന്റെ അപേക്ഷ തള്ളിയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന സി.ബി.ഐ വാദം അംഗീകരിച്ചു. വൈകാതെ ചിദംബരത്തിന്റെ അറസ്റ്റ് എന്‍ഫോഴ്സ്മെന്റും രേഖപ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് കസ്റ്റഡി അപേക്ഷ വച്ചില്ല.
ജയിലില്‍ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കാണിച്ച് ചിദംബരം റോസ് അവന്യൂ കോടതിക്ക് അപേക്ഷ നല്‍കി. സുരക്ഷ ഉറപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രത്യേക സെല്‍ അനുവദിക്കണമെന്നും അദ്ദേഹം അപേക്ഷയില്‍ പറയുന്നു. ഈ ആവശ്യങ്ങള്‍ ജഡ്ജി അജയ് കുമാര്‍ കുഹാര്‍ അനുവദിച്ചു.