കൊച്ചി: ഗുരുവായൂർ ദർശനം കഴിഞ്ഞു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശേരി വിമാനത്താവളത്തിൽ മുക്കാൽ മണിക്കൂറോളം ചിലവഴിച്ചശേഷമാണ് രണ്ടാമത് പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷമുള്ള കന്നി വിദേശയാത്രയ്ക്കായി മാലിദ്വീപിന് തിരിച്ചത്.ഗവർണർ വി.സദാശിവം, ദേവസ്വം മന്ത്രി കടകംപുള്ളി സുരേന്ദ്രൻ എന്നിവർ പ്രധാന മന്ത്രിയെ യാത്രയാക്കാനെത്തി.
എൻ.ഡി.എയുടെ ഘടകക്ഷി നേതാക്കൾക്കും യാത്രയാവും മുമ്പ് പ്രധാനമന്ത്രിയ്ക്ക് ഹസ്തദാനത്തിന് അവസരം ഒരുക്കിയിരുന്നു.എന്നാൽ പൂഞ്ഞാർ എം.എൽ.എയും ജന പക്ഷം നേതാവുമായ പി.സി.ജോർജ് കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു.മോദിയ്ക്ക് താമരപ്പൂവ് സമ്മാനം നൽകിയ ശേഷം പൊന്നാടയണിഞ്ഞ് ആദരവ് പ്രകടമാക്കി
കേരളത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിയ്ക്ക് പി.സി.ജോർജ് നിവേദനവും നൽകി.റബറിന് താങ്ങുവില പ്രഖ്യാപിയ്ക്കുക വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളുക, സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും 20 ലക്ഷം വരെയുള്ള വായ്പകൾ ഒഴിവാക്കുക എന്നിവയായിരുന്നു നിവേദനത്തിലെ ആവശ്യങ്ങൾ. ഇതിൽ റബർ വിഷയം ഉടൻ പരിഹരിയ്ക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി പി.സി.ജോർജ് അറിയിച്ചു.