കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടമായതോടെ തനിക്കെതിരെ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരണമാണ് എതിര്‍ സ്ഥാനാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന ആരോപണവുമായി പി.സി ജോര്‍ജ്. ‘ഇലക്ഷന്‍ കാലമായപ്പോള്‍ അന്യനാട്ടില്‍ നിന്നെത്തി നമ്മുടെ നാട്ടില്‍ ചേക്കേറിയ സ്ഥാനാര്‍ത്ഥികള്‍ പൂഞ്ഞാറിലെ മുന്നണി നേതാക്കളെ കൊണ്ട് പി.സി ജോര്‍ജിനെതിരെ നുണ പ്രചാരണങ്ങള്‍ പ്രസംഗിക്കാന്‍ പറയുന്നുണ്ട്. ഇതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെയുള്ള പര്യടനം അവസാനിപ്പിച്ച് വീട്ടില്‍ പോയവരുണ്ടെന്ന് പി.സി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
നമ്മുടെ പൂഞ്ഞാര്‍ വര്‍ഗീയതക്കും, അഴിമതിക്കും, അക്രമത്തിനുമെതിരെ വിധി പറയണം. എന്നെ കൂക്കിവിളിച്ചും, ആക്രമിച്ചും വഴിതടഞ്ഞും എണ്ണിയാല്‍ തീരാത്ത നിരവധി ആരോപണങ്ങളാലും മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും കുറച്ച് വോട്ട് പിടിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. നമ്മുടെ പൂഞ്ഞാറിലുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകരെല്ലാം എന്നെ നേരില്‍ പരിചയമുള്ളവരാണ് ഞാന്‍ നമ്മുടെ നാടിന്റെ നന്മക്കായി ഏതൊരു കാര്യവും അതിപ്പോള്‍ വികസനപ്രവര്‍ത്തനങ്ങളായാല്‍ പോലും ഇവരുമായെല്ലാം ചേര്‍ന്ന് ആലോചിച്ച് തന്നെയാണ് ഏറ്റവും ഭംഗിയായി നടത്താറുള്ളത്. അങ്ങനെ ചെയ്യുമ്പോള്‍ ഓരോ കാര്യങ്ങളും കുറ്റമറ്റതാകുമെന്ന ബോദ്ധ്യമെനിക്കുണ്ട്. അത് നമ്മള്‍ പൂഞ്ഞാറുകാരെന്ന പരസ്പര ബഹുമാനത്തില്‍ നിന്നാണ്.
ഇലക്ഷന്‍ കാലമായപ്പോള്‍ അന്യനാട്ടില്‍ നിന്നെത്തി നമ്മുടെ നാട്ടില്‍ ചേക്കേറിയ സ്ഥാനാര്‍ത്ഥികള്‍ പൂഞ്ഞാറിലെ മുന്നണി നേതാക്കളെ കൊണ്ട് പി.സി. ജോര്‍ജിനെതിരെ നട്ടാല്‍ കുരുക്കുകേലാത്ത നുണ പ്രചാരങ്ങള്‍ പ്രസംഗിക്കാന്‍ പറയുന്നുണ്ട്. ഇതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെയുള്ള പര്യടനം അവസാനിപ്പിച്ച് വീട്ടില്‍ പോയവരുമുണ്ട്.
അവരില്‍ ചിലര്‍ വിളിച്ച് മഞ്ഞ നോട്ടീസുകള്‍ വരുന്നുണ്ടെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്, അത് പൂഞ്ഞാറുകാരുടെ മാന്യത. എങ്കിലും വരത്തന്മാര്‍ അങ്ങനല്ലല്ലോ അവര്‍ക്കീ നാട്ടില്‍ നട്ടെല്ല് വളയാതെ നിന്ന് പൂഞ്ഞാറുകാരോട് പറയാന്‍ ചങ്കൂറ്റമില്ലാത്ത കാര്യങ്ങളാണ് നോട്ടീസായി പുറത്ത് വരിക. ഇരുട്ടിന്റെ സന്തതികള്‍ക്ക് എന്റെ നമോവാകം. മഞ്ഞ നോട്ടീസുകള്‍ രാത്രിയില്‍ കൊണ്ടിട്ട് കഷ്ട്ടപെടുന്നവരോട് മഴക്കാലമാണ് രാവിലെ മഴ നനഞ്ഞ് പോകും. ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.