കോട്ടയം: പൂഞ്ഞാറില്‍ കേരള ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് ഇവിടെ വിജയിച്ചത്. 11,404 വോട്ടുകള്‍ക്കാണ് അദ്ദേഹത്തിന്റെ ജയം. ഇവിടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാനുണ്ട്.
തുടര്‍ച്ചയായി എട്ട് തവണത്തെ വിജയത്തിന് ശേഷം വീണ്ടും ജനവിധി തേടിയപ്പോഴാണ് പി.സി ജോര്‍ജിന് കാലിടറിയത്. ഈ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടര്‍മാരോട് പരസ്യ വെല്ലുവിളി നടത്തി അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചതാണ് പി.സി. ജോര്‍ജിന് വിനയായത്.
ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പിന്തള്ളിയാണ് പ്രേംകുമാറിന്റെ വിജയം. 15000 വോട്ടിനാണ് തിളങ്ങുന്ന വിജയം പ്രേം കുമാര്‍ സ്വന്തമാക്കിയത്. വോട്ടെണ്ണലിന്റെ ആദ്യം തന്നെ കൃത്യമായ ലീഡ് പ്രേംകുമാര്‍ പുലര്‍ത്തിയിരുന്നു. യുഡിഎഫ് മണ്ഡലത്തില്‍ പ്രചാരണത്തിലും പിന്നിലായിരുന്നു. സരിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും കലഹങ്ങള്‍ നിലനിന്നിരുന്നു.
എല്‍ഡിഎഫിന്റെ കെ ശാന്തകുമാരി കോങ്ങാടും വിജയിച്ചു. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ചിത്തരഞ്ജന്‍ വിജയിച്ചു. 12803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇടുക്കിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ വിജയിച്ചു. 5579 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ലിന്റോ ജോസഫും വിജയിച്ചു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എംഎം മണിയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 31,000ലധികം വോട്ടിനാണ് വിജയിച്ചത്.