ചെന്നൈ: ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സമയത്ത് കടുത്ത ദുഃഖത്തിലായിരുന്നുവെന്നും ഭക്ഷണം കഴിക്കാൻ പോലും സാധിച്ചിരുന്നില്ലെന്നും രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ നളിനിയുടെ വെളിപ്പെടുത്തൽ. തങ്ങളുടേത് കോൺഗ്രസ് കുടുംബമാണെന്നും നളിനി വെളിപ്പെടുത്തി. രാജീവ് ഗാന്ധി വധക്കേസിൽ തന്റെ പേര് ഉൾപ്പെട്ടത് അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാരിയെന്ന ലേബൽ നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘ഞങ്ങളുടേത് ശരിക്കും കോൺഗ്രസ് കുടുംബമാണ്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് ഞങ്ങൾക്ക് കടുത്ത ദുഃഖമാണ് സമ്മാനിച്ചത്. ആ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല. രാജീവ് ഗാന്ധി വധക്കേസിൽ എന്നെ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാകില്ല. ആ കുറ്റത്തിൽനിന്ന് എന്നെ മോചിപ്പിക്കണം. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല’ – നളിനി ആവശ്യപ്പെട്ടു.
ജയിലിൽനിന്ന് വിട്ടയച്ചെങ്കിലും, ശ്രീലങ്കക്കാരാണെന്ന കാരണത്താൽ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് തമിഴ്നാട്ടിലെ പ്രത്യേക ക്യാംപിൽ പാർപ്പിച്ചിരിക്കുന്ന ഭർത്താവ് മുരുകൻ എന്ന ശ്രീഹരനെ വിട്ടയയ്ക്കാൻ ഇടപെടണമെന്ന് നിളിനി സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് അഭ്യർഥിച്ചു.
‘‘എനിക്ക് ഇതുവരെ ഭർത്താവിനെ കാണാനായിട്ടില്ല. അതുകൊണ്ടുതന്നെ ഒട്ടും സന്തോഷവതിയുമല്ല. കഴിയുന്നത്രെ നേരത്തെ അദ്ദേഹത്തെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഇടപെടണം’ – നളിനി ആവശ്യപ്പെട്ടു.
‘ജയിലിലായിരുന്ന സമയത്ത് ഞങ്ങളുടെ മോചനത്തെ എതിർത്ത് ഒട്ടേറെപ്പേരാണ് രംഗത്തു വന്നത്. കുറ്റവാളികളായിട്ടാണ് അവർ ഞങ്ങളെ കണ്ടത്. ഞാൻ രണ്ടു മാസം ഗർഭിണിയായിരുന്ന സമയത്തും ഇതു തന്നെയായിരുന്നു അവസ്ഥ’ – നളിനി പറഞ്ഞു.
അതേസമയം, രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ ശ്രീലങ്കൻ പൗരൻമാരെ നാടുകടത്താനുള്ള നടപടികൾ തുടങ്ങി. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് പ്രത്യേക ക്യാംപിൽ കഴിയുന്ന മുരുകൻ എന്ന ശ്രീഹരൻ ,ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെയാണു നാടുകടത്തുക. ഇവരുടെ പൗരത്വം സംബന്ധിച്ച് ശ്രീലങ്ക നൽകുന്ന മറുപടിക്ക് അനുസൃതമായിട്ടാകും തുടർനടപടി.